NEWS

അബ്‌കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യമില്ല, ജയിലിൽ തുടരും

ആന്റോ അഗസ്റ്റിൻ

കൽപ്പറ്റ: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളി. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും.

എക്‌സൈസിന്റെ വാദങ്ങൾ ശരിവച്ച കോടതി ‘ഡിസ്‌മിസ്‌ഡ്’ എന്ന ഒറ്റവാക്കിലാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. മെസി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടിൽ റെയ്ഡ് നടത്തവേ 69.589 ലിറ്റർ മദ്യം കണ്ടെടുക്കുകയായിരുന്നു. എക്സൈസിന് കൈമാറിയതോടെ, അവരെടുത്ത കേസിലാണ് അറസ്റ്റിലായത്.

അതേസമയം, ഈ വീട് ആന്റോയുടെ പേരിലല്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണെന്ന് 2025ലെ നികുതി രേഖകൾ ഉൾപ്പെടെ കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. 43 വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്.

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോയെ മീനങ്ങാടിയിലെ അസി.എക്സൈസ് കമ്മിഷണറുടെ ഓഫീസിലെത്തിക്കുകയായിരുന്നു. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ വൈ ബിജുവിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കി ആന്റോയെ റിമാൻഡ് ചെയ്തത്.

English Summary

Reporter Channel Managing Editor Anto Augustine, arrested in an excise case after 69.589 litres of liquor were allegedly seized from his ancestral home in Wayanad, was denied bail by the Sultan Bathery Judicial First Class Magistrate Court. He was remanded for 14 days and will remain in Mananthavady District Jail.
RELATED TOPICS: ANTO AGUSTINE, ANTO AUGUSTINE BAIL, ANTO AUGUSTINE CASE, ANTO AUGUSTINE ARREST

Read News ⏭️

Back to top button