BUSINESS
ഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി, മുന്നിൽ ഉത്തർപ്രദേശും ഹരിയാനയും, വാങ്ങുന്നത് ഈ രാജ്യങ്ങൾ

ന്യൂഡൽഹി∙ കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ പോത്ത്, എരുമ ഇറച്ചിക്ക് (ബഫല്ലോ മീറ്റ്) റെക്കോർഡ് കുതിപ്പ്. അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫൂഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ (എപിഇഡിഎ) കണക്കനുസരിച്ച് ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ഏകദേശം 1,493 മില്യൻ ഡോളറിന്റെ ബഫല്ലോ മീറ്റാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 896 മില്യൻ ഡോളറിനായിരുന്നു കയറ്റുമതി. ഇതിൽ കൂടുതലും ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്.കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ എപിഇഡിഎയുടെ പരിധിയിലുള്ള കാർഷികോൽപന്നങ്ങളിൽ ബഫല്ലോ മീറ്റ്, ബസുമതിയല്ലാത്ത അരി, ബസുമതി അരി എന്നിവയുടെ കയറ്റുമതി മൂല്യം ഏകദേശം 7,641 ബില്യൻ ഡോളറായിരുന്നു. ഇതും മുൻവർഷത്തെക്കാൾ കൂടുതലാണ്.വിയറ്റ്നാം, മലേഷ്യ, ഈജിപ്ത്, ഇന്തൊനീഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ബഫല്ലോ മീറ്റ് കയറ്റുമതി. ബീഫ് എന്നതിന്റെ പരിധിയിൽ വരുന്ന പശു, കാള, ക്ടാവ് എന്നിവയുടെ മാംസം കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. അതേസമയം, ബഫല്ലോ മീറ്റ്, പോൾട്രി, ആട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും വലിയ തോതിൽ കയറ്റുമതിയുണ്ട്.
Travel ⏭️


