NEWS

കളമശേരി അപ്പോളോ ജംക്‌ഷൻ മുതൽ ടിവിഎസ് കവല വരെയുള്ള 500 മീറ്റർ ദൂരം കടക്കാൻ മണിക്കൂറുകൾ


കളമശേരി ∙ ദേശീയപാതയിൽ അപ്പോളോ ജംക്‌ഷൻ മുതൽ ടിവിഎസ് കവല വരെയുള്ള 500 മീറ്ററോളം ദൂരം മറികടക്കാൻ യാത്രക്കാർക്കു തിരക്കുള്ള സമയങ്ങളിൽ മണിക്കൂറോളം സമയമെടുക്കും. വാഹനയാത്രക്കാരെ അസ്വസ്ഥമാക്കുന്ന യാത്രാ തടസ്സങ്ങൾ ഏറെയാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ നിന്നു വരുന്ന വാഹനങ്ങളും ആലുവയിൽ നിന്നു വരുന്ന വാഹനങ്ങളും സന്ധിക്കുന്ന സ്ഥലത്തു തുടങ്ങുന്നു ഗതാഗതക്കുരുക്ക്. ഇവിടത്തെ കുരുക്ക് പലപ്പോഴും മുട്ടം വരെ നീളും. പ്രീമിയർ കവലയ്ക്കും ആര്യാസ് ജംക്‌ഷനുമിടയിൽ ദേശീയപാത മുറിച്ചുകടക്കാൻ വഴിയാത്രക്കാർക്കായി 2 പെലിക്കൺ ക്രോസിങ് സ്ഥാപിച്ചിട്ടുണ്ട്.രണ്ടും പലപ്പോഴും പ്രവർത്തിക്കില്ല. ആര്യാസ് ജംക്‌ഷനിൽ കെൽട്രോൺ ആണ് പെലിക്കൺ ക്രോസ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനത്തിലുള്ള വീഴ്ച പലപ്പോഴും ആവശ്യമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു. ഇവിടത്തന്നെ എറണാകുളത്തു നിന്നു വരുന്ന വാഹനങ്ങൾ കൂടി തിരിയുന്നതോടെ വാഹനങ്ങളുടെ എണ്ണം വർധിക്കും.വീണ്ടും മുന്നോട്ടു പോകുമ്പോൾ യാത്രക്കാരെ ശ്വാസം മുട്ടിക്കുന്നത് കുപ്പിക്കഴുത്തു പോലെയുള്ള എച്ച്എംടി മേൽപ്പാലവും പാലത്തിലെ കുഴികളുമാണ്.


Fashion ⏭️

Back to top button