NEWS

ജ്വല്ലറി ഉടമയുടെ മൃതദേഹം ജലാശയത്തിൽ വീപ്പയിൽ അടച്ച നിലയിൽ; കാണാതായത് ഒരാഴ്ച മുൻപ്


ധാക്ക ∙ ഒരാഴ്ചയായി കാണാതായ ജ്വല്ലറി ഉടമയുടെ മൃതദേഹം ജലാശയത്തിൽ വീപ്പയിൽ അടച്ച നിലയിൽ കണ്ടെത്തി. ബംഗ്ലദേശിലെ മൈമെൻസിങ് ജില്ലയിലെ ബെഗുൻബാരിയിലെ ജലാശയത്തിലാണ് നിരഞ്ജൻ ചന്ദ്ര സൂത്രധർ (50) എന്ന ജ്വല്ലറി ഉടമയുടെ മൃതദേഹം കണ്ടെത്തിയത്. മൈമെൻസിങ്ങിലെ അതർബാരി ബിൽഡിങ് ഏരിയയിൽ പങ്കാളികൾക്കൊപ്പം സ്വർണ ബിസിനസ് നടത്തുന്നയാളാണ് നിരഞ്ജൻ ചന്ദ്ര. വീപ്പയിലാക്കി ജലാശയത്തിൽ തള്ളുന്നതിനു മുൻപേ നിരഞ്ജൻ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വെളിപ്പെടുന്നത്. നിരഞ്ജന്റെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ട്.കഴിഞ്ഞ ബുധനാഴ്ച ജലാശയത്തിൽ പ്ലാസ്റ്റിക് വീപ്പ ഒഴുകി പോകുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസെത്തി വീപ്പ കരയ്ക്കെത്തിച്ച് തുറന്നപ്പോഴാണ് മൃതദേഹം ലഭിച്ചത്. മൃതദേഹ പരിശോധനയിൽ മൈമെൻസിങ് ഹിന്ദു കോഓപ്പറേറ്റീവ് ക്രെഡിറ്റ് യൂണിയന്റെ രേഖകൾ ലഭിച്ചു. ഇതിൽനിന്നുമാണ് നിരഞ്ജനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് കുടുംബവുമായി ബന്ധപ്പെടുകയും ഭാര്യ എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.


Fashion ⏭️

Back to top button