NEWS

കേരളത്തിൽ ഇന്നും മഴ കനക്കും; പത്ത് ജില്ലകൾക്ക് അവധി, പിഎസ്‌സി പരീക്ഷകൾ മാറ്റി

നഗരത്തിൽ പെയ്ത മഴയിലൂടെ കുട ചൂടി സൈക്കിൾ ചവിട്ടി നീങ്ങുന്ന യുവാവ്. എറണാകുളം ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്‌ച (ഫോട്ടോ: ജോഷ്‌വാൻ മനു)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കനത്ത മഴ പരിഗണിച്ച് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന പിഎസ്‌സി പരീക്ഷകളും മാറ്റി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റ‌ർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. ഇന്നത്തെ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ മാസം അഞ്ച്, ആറ്, പത്ത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
RELATED TOPICS: KERALA RAIN, ORANGE ALERT, PSC EXAMS RESCHEDULED, HOLIDAY FOR TEN DISTRICTS

Read News ⏭️

Back to top button