NEWS

മന്ത്രി കെ.മുരളീധരൻ ഇടപെട്ടു; കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് ഹാർട്ട് ലങ് മെഷീൻ സൗജന്യമായി ലഭിച്ചു


കോഴിക്കോട് ∙ ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഹാർട്ട് ലങ് മെഷീൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് സൗജന്യമായി നൽകി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിലെ നിലവിലെ ഹാർട്ട്‌ലങ് മെഷീനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികളുടെ കാത്തിരിപ്പു നീണ്ടിരുന്നു. ഹാർട്ട് ലങ് മെഷീനുകളിലൊന്ന് തകരാറിലായതും തുടർന്ന് രോഗികൾ ബുദ്ധിമുട്ടുന്നതും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ, മന്ത്രി കെ.മുരളീധരനെ അറിയിച്ചു. തുടർന്ന് മന്ത്രി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂറുമായി സംസാരിച്ചു. മെഡിക്കൽ കോളജിലേക്ക് ഒരു ഹാർട്ട് ലങ് മെഷീൻ അടിയന്തരമായി ലഭിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഡോക്ടറെ ധരിപ്പിച്ചു. മന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് അടുത്ത ദിവസം തന്നെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ നിന്ന് ഹാർട്ട് ലങ് മെഷീൻ മെഡിക്കൽ കോളജിനു കൈമാറുകയായിരുന്നു. ഇതോടൊപ്പം ഒരു വർഷത്തേക്കുള്ള എഎംസിക്കുള്ള പണം കൂടി എംഇഎസ് മെഡിക്കൽ കോളജിൽ നിന്ന് അടച്ചിട്ടുണ്ട്. ഇത് അടുത്തയാഴ്ച മുതൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കും. മെഡിക്കൽ കോളജിൽ ശരാശരി ഒരു ദിവസം 4 ഹൃദയശസ്ത്രക്രിയകൾ ചെയ്തിരുന്നു. ഒരു ഹാർട്ട് ലങ് മെഷീൻ പ്രവർത്തിക്കാതെ വന്നതോടെ ശസ്ത്രക്രിയകളുടെ എണ്ണം രണ്ടായി ചുരുക്കിയിരുന്നു.


Fashion ⏭️

Back to top button