NEWS
വീഴല്ലേ, ഫുൾ പറ്റിപ്പാ..!! കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

മുട്ടിൽ ∙ മുട്ടിൽ പഞ്ചായത്തിലെ വാര്യാട് പ്രദേശത്തു വ്യാജ അലുമിനിയം പാത്രം വിൽപനയ്ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം. ഉത്തർപ്രദേശ് സ്വദേശികളാണു വ്യാജ പാത്രങ്ങളുമായി വയനാട്ടിലെത്തിയത്. 100 രൂപയ്ക്കാണു പാത്രങ്ങൾ വിറ്റിരുന്നത്. ഗുണമേൻമയുള്ള അലുമിനിയം പാത്രങ്ങൾക്കു 400 മുതൽ 500 രൂപയെങ്കിലുമാകും. കൈ കൊണ്ടു ചുരണ്ടി നോക്കിയാൽ കൈയിൽ അലുമിനിയം കോട്ടിങ് പുരളുന്ന രീതിയിലാണു പാത്രങ്ങൾ കണ്ടെടുത്തതെന്നു ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇവയിൽ വെള്ളം ചൂടാക്കിയാൽ പോലും അപകടമാണ്. ആ വെള്ളം കുടിച്ചാൽ അലുമിനിയം കോട്ടിങ് ശരീരത്തിന്റെ അകത്തു പോകുമെന്നും കാൻസർ അടക്കമുള്ള രോഗങ്ങൾക്കു ഇതു കാരണമാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ഉത്തർപ്രദേശ് സ്വദേശികളുടെ വാടക ഗോഡൗൺ പൂട്ടിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള 10 മുതൽ 20 പേർ അടങ്ങുന്ന സംഘമാണു വാര്യാട് ഗോഡൗൺ വാടകയ്ക്കു എടുത്ത് വ്യാജ അലുമിനിയം പാത്രം വിറ്റിരുന്നത്. ഗോഡൗണിൽ നിന്നു അലുമിനിയം കോട്ടിങ് പൂശിയ ഇരുമ്പു പാത്രങ്ങൾ ഹരിയാന റജിസ്ട്രേഷൻ ബൈക്കുകളിലാണ് വീടുകളിലേക്കു കൊണ്ടുവന്നു വിൽക്കുന്നത്. വില കുറച്ച് സാധാരണക്കാരെയും ഇടത്തരക്കാരെയുമാണ് ലക്ഷ്യമിട്ടിരുന്നത്. പാത്രങ്ങൾ ആർക്കെങ്കിലും ഇവർ വിറ്റിട്ടുണ്ടോ എന്നു പരിശോധിച്ചു വരുകയാണെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരും പരാതി എഴുതി നൽകിയിട്ടില്ലെന്നു മീനങ്ങാടി പൊലീസ് വ്യക്തമാക്കി. പരാതി കിട്ടിയാൽ നടപടി എടുക്കും. നിലവിൽ പ്രദേശത്തു പാത്രങ്ങളുടെ വിൽപന നിരോധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തെ ഇന്നലെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. പരാതിയില്ലാത്തതിനാൽ ഇവരെ വിട്ടയച്ചുവെന്നും മീനങ്ങാടി പൊലീസ് അറിയിച്ചു.
Fashion ⏭️

