മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി; സംഭവം പറവൂർ താലൂക്ക് ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി. മരിച്ചവരുടെ ബന്ധുക്കളാണ് പരാതി നൽകിയത്.
കഴിഞ്ഞ പതിനാറാം തീയതി കുളിമുറിയിൽ തെന്നിവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് അഴുകിത്തുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞതനുസരിച്ച് മൃതദേഹത്തിന്റെ താഴ്‌ഭാഗത്തേക്ക് മാത്രമാണ് തണുപ്പ് ലഭിച്ചിരുന്നത്. ഇതാണ് അഴുകാൻ ഇടയാക്കിയത്. സമാനമായ രീതിയിൽ മറ്റൊരാളുടെ മൃതദേഹവും അഴുകിയതായി കണ്ടെത്തിയിരുന്നു.
നാല് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് പറവൂർ താലൂക്ക് ആശുപത്രിയിലുള്ളത്. ഒരു മൊബൈൽ ഫ്രീസറുമുണ്ട്. മോർച്ചറിയിലെ സൗകര്യങ്ങൾക്ക് 15 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. മരിച്ചവരിലൊരാളുടെ മകൻ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. പുതിയ ഫ്രീസർ സജ്ജീകരിക്കുമെന്നതിനപ്പുറം മൃതദേഹം അഴുകാനിടയാക്കിയ സാഹചര്യമെന്തെന്ന് വിശദീകരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.




