NEWS

‘കൊടികൾ വ്യത്യസ്തമെങ്കിലും രീതി ഒന്ന്’; ബിജെപിയെയും കോൺഗ്രസിനെയും വിമർശിച്ച് വാങ്ചുക്കിന്റെ ഭാര്യ


ന്യൂഡൽഹി∙ ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. സാഹചര്യം മാറുന്നതിന് അനുസരിച്ച് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ തനിക്കും തന്റെ ഭർത്താവിനും വിവിധ ചാപ്പകൾ പതിച്ചു നൽകുകയാണെന്നും പതാകകൾ വ്യത്യസ്തമാണെങ്കിലും രണ്ടു പാർട്ടികളുടെയും രീതി ഒന്നുതന്നെയെന്നും ഗീതാജ്ഞലി പറഞ്ഞു. സമൂഹമാധ്യമത്തിലാണ് വിമർശനം.‘വാങ്ചുക്ക് അറസ്റ്റിലായപ്പോൾ ബിജെപി ഐടി സെൽ ഞങ്ങളെ രാജ്യവിരുദ്ധരെന്നും ചൈനീസ് ഏജന്റെന്നും വിദേശഫണ്ട് വാങ്ങുന്നവരെന്നും വിളിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരം ആത്മാർഥതയില്ലാത്തതാണെന്ന് ഞങ്ങൾ പറഞ്ഞതോടെ ഞങ്ങളെ സംഘികളെന്നും ആർഎസ്എസെന്നും ബിജെപിയുടെ ശിങ്കിടികളെന്നും വിളിച്ച് പരിഹസിക്കുകയാണ് കോൺഗ്രസ്. കൊടികൾ വ്യത്യസ്തമെങ്കിലും രീതി ഒന്നു തന്നെ. അതിന്റെ ജീർണത നമ്മുടെ മുഴുവൻ രാഷ്ട്രീയ സംസ്കാരത്തെയും ബാധിച്ചു. കേവലം ഭരണമാറ്റമല്ല രാജ്യത്തിനു വേണ്ടത്. മറിച്ച് രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണത്തിൽ തന്നെ മാറ്റം വരണം. വിയോജിപ്പുകളെ അപരവൽക്കരണത്തിലൂടെയല്ലാതെ സംവാദത്തിലൂടെ നേരിടുന്ന, പാർട്ടിയോടുള്ള കൂറിനു പകരം സത്യസന്ധതയെ ദേശസ്നേഹത്തിന്റെ അളവുകോലായി കാണുന്ന, സങ്കുചിതമായ പക്ഷക്കൂറിനേക്കാൾ സത്യത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ സംസ്കാരമാണ് നമുക്കു വേണ്ടത്.’– ഗീതാഞ്ജലി ആങ്മോ പറഞ്ഞു.


Fashion ⏭️

Back to top button