NEWS

ക്ലാസ് മുറിയിലെ വാൾ ആക്രമണം: പ്രതിക്ക് വധശിക്ഷ വേണമെന്ന് പെൺകുട്ടിയുടെ കുടുംബം

അനന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ വെച്ച്, ക്ലാസ് മുറിക്കുള്ളിൽ കയറി വിദ്യാർഥിനിയെ അറക്കവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ എൻകൗണ്ടറിലൂടെ വധിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി. പെൺകുട്ടിയുടെ ബന്ധുവായ ഹേമന്ത് (21) ആണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരിക്കേറ്റ പെൺകുട്ടിയുടെ ബന്ധുക്കൾ എൻഡിടിവിയോട് പ്രതികരിച്ചു. യുവാവിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്ന കാര്യം കുടുംബത്തിന് അറിവില്ലായിരുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമായിരുന്നുവെന്നും അവർ പറഞ്ഞു. യുവാവിന്റെ ഭാഗത്തുനിന്ന് മുമ്പ് യാതൊരുവിധ ഭീഷണികളും ഉണ്ടായിട്ടില്ലെന്നും, ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പെട്ടെന്ന് സ്‌കൂളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം, പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അക്രമം അരങ്ങേറിയത്.

Fashion ⏭️

Back to top button