6,000 കോടിയുടെ ചൂതാട്ടക്കേസ്: വിദേശത്ത് ഒളിവിലായിരുന്ന മുഖ്യപ്രതിയെ സിബിഐ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: ആറായിരം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെട്ട മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസിന്റെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്നും സിബിഐ ഇന്ത്യയിൽ എത്തിച്ചു. ഇയാളെ റായ്പുരിലെ സിബിഐ പ്രത്യേക കോടതിയിൽ ഉടൻ ഹാജരാക്കും. ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ചന്ദ്രാകറിനെ രാജ്യത്ത് തിരിച്ചെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചത്.
ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിനെ തുടർന്ന് 2024 ഒക്ടോബറിൽ യുഎഇ അധികൃതർ ചന്ദ്രാകറിനെ കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും അത് അന്ന് ഫലവത്തായില്ല. തുടർന്ന് ഇന്റർപോളിന്റെ നിർദ്ദേശപ്രകാരം ഒമാൻ പൊലീസ് ചന്ദ്രാകറിനെ പിടികൂടുകയായിരുന്നു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ശേഖരിച്ച ശക്തമായ തെളിവുകൾ ഒമാൻ ഭരണകൂടത്തിന് കൈമാറുകയും, നാടുകടത്തൽ നടപടികൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ ഒമാനിലെത്തി പ്രതിയെ ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു.




