NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുക്കാൻ കൊലപാതകം; ഭാര്യ നീതുവും ബന്ധുവായ കാമുകനും ജാർഖണ്ഡ് പൊലീസിന്റെ പിടിയിൽ

റാഞ്ചി ∙ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് സംഭവം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആ ജോലി തനിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ മോഷണത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് ഭാര്യ ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമിറ്റഡ് (സിസിഎൽ) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാൽ എന്നയാളാണ് ഒക്ടോബർ 18 ന് പുലർച്ചെ കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികൾ കൊലപ്പെടുത്തിയത്. നീതു (23) എന്ന സോണാലി കുമാരിയാണ് കാമുകൻ കൗശിക് കുമാർ നൗനിയയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യത്തിൽ ഇയാളെ പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് നീതുവിനെ അക്രമികൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അജ്ഞാതരായ കള്ളന്മാർ കവർച്ചയ്ക്കിടെ ഭാര്യയെ കെട്ടിയിട്ട ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിസിഎൽ ജീവനക്കാരനെ കൊലപ്പെടുത്തി എന്നാണ് പൊലീസിനു വിവരം ലഭിച്ചത്.
Fashion ⏭️




