NEWS

അവധിക്ക് നാട്ടിലെത്തിയ ജവാൻ ഭാര്യയെ കൊലപ്പെടുത്തി; മേൽക്കൂരയിൽ നിന്നും വീണു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമം


ചണ്ഡിഗഡ് ∙ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, ഭാര്യ വീടിന്റെ മേൽക്കൂരയിൽ നിന്നും വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു. രാമ എന്ന മുപ്പത്തിരണ്ടുകാരിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. പ്രതിയായ ബിഎസ്എഫ് ജവാൻ അമർജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.പന്ത്രണ്ട് വർഷം മുൻപായിരുന്നു അമർജിത് സിങ്ങിന്റെയും രാമയുടെയും വിവാഹം. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. രാമയുടെ കുടുംബാംഗങ്ങൾ പൊലീസിൽ നൽകിയ പരാതി പ്രകാരം, ഓഗസ്റ്റ് 13ന് രാത്രിയാണ് അമർജിത് സിങ് അവധിക്ക് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഇയാൾ രാമയുമായി തർക്കത്തിലേർപ്പെടുകയും അവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തില്‍ ഗുരുതരമായി പരുക്കേറ്റ രാമ അന്നുരാത്രി തന്നെ മരിച്ചു. എന്നാൽ, ഓഗസ്റ്റ് 14ന് പുലർച്ചെ 4 മണിയോടെ രാമ വീടിന്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് വീണുവെന്നും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും പ്രതിയുടെ കുടുംബം രാമയുടെ വീട്ടുകാരെ അറിയിച്ചു. ഇതുകേട്ട് പരിഭ്രാന്തരായി കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് രാമ മരിച്ച വിവരം അറിയുന്നത്.


Fashion ⏭️

Back to top button