NEWS

ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് 20 രൂപ നൽകുന്ന പദ്ധതി അവസാനിപ്പിക്കാൻ ബെവ്‌കൊ,​ കാരണമായത് ബുദ്ധിമുട്ടുകൾ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒഴിഞ്ഞ മദ്യകുപ്പികൾ തിരിച്ചെടുത്ത് അധികമായി വാങ്ങുന്ന 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബിവറേജസ് കോർപറേഷൻ (ബെവ്‌‌കൊ)​. നാളെ മുതൽ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചെന്നാണ് ബെവ്‌കൊ അറിയിക്കുന്നത്. ഈ മാസം 20 വരെ ഉപഭോക്താക്കൾക്ക് വിറ്റഴിച്ച മദ്യകുപ്പികൾ തിരികെ ഏൽപ്പിക്കാം. ഇതിനുശേഷം മദ്യകുപ്പികൾ തിരികെ വാങ്ങില്ല. റീഫണ്ട് തുകയും നൽകില്ല. ഇക്കാര്യം നോട്ടീസിലൂടെ ഉടൻ സൂചിപ്പിക്കും.

പ്‌ളാസ്റ്റിക് കുപ്പികൾ തിരികെയെടുക്കാനായി കുടുംബശ്രീ,​ ശുചിത്വമിഷൻ വഴി നിയോഗിച്ച ജീവനക്കാരെ 20ന്ശേഷം പിൻവലിക്കാൻ കുടുംബശ്രീ മിഷനും ശുചിത്വമിഷനും റീജണൽ മാനേജർമാർ ഔദ്യോഗിക അറിയിപ്പ് നൽകാൻ നിർദേശിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025 സെപ്‌തംബ‌ർ 10നാണ് പദ്ധതി ആരംഭിച്ചത്. പക്ഷെ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകൾ പദ്ധതിക്കുണ്ടെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടു അതിനാലാണ് അവസാനിപ്പിക്കുന്നത്.

ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വില്പനശാലകൾ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നൽകുന്നതിനെക്കുറിച്ച് ആലോചിച്ചാണ് ബെവ്‌കോ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. 2021ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ, കൊവിഡ് കാരണം തുടരാനായില്ല.

ശേഖരിക്കുന്ന കുപ്പികൾ പുനഃരുപയോഗ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ചെലവാണ് അന്ന്‌ പദ്ധതിക്ക് പ്രധാന തടസമായത്. പ്ളാസ്റ്റിക് കുപ്പികൾ റീസൈക്ളിംഗ് ചെയ്യുന്ന ഫാക്ടറികൾ കോയമ്പത്തൂരിലും ആന്ധ്രയിലുമാണ് പ്രധാനമായുള്ളത്. അവിടങ്ങളിൽ എത്തിക്കണമെങ്കിൽ കടത്തുകൂലിയായി നല്ലൊരു തുക ചെലവാകും.

ബെവ്‌കോ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലും പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറീസിലും ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികളുടെ റീസൈക്ലിംഗ് ഫാക്ടറി സ്വന്തമായി സ്ഥാപിക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ലാഭകരമാവില്ലെന്നാണ് കണ്ടെത്തിയത്.

Read News ⏭️

Back to top button