എപ്പോൾ വേണമെങ്കിലും അതിതീവ്ര മഴ പെയ്യാം; മലയോരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇടുക്കിയിലെ മണ്ണിടിച്ചിലിന്റെ ദൃശ്യം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ മഴ തിരിച്ചെത്തിയതോടെ മഴക്കെടുതി രൂക്ഷം. അപ്രതീക്ഷിതമായി പെയ്ത മഴയെത്തുടർന്ന് മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായത്.
ഇടുക്കി ജില്ലയിലെ അടിമാലി പഴംപൊള്ളിച്ചാലിൽ ഉരുൾപ്പൊട്ടലിന് സമാനമായ സാഹചര്യമാണുണ്ടായത്. ഒരു വീട് നിശ്ശേഷം തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഏഴ് വാഹനങ്ങൾ മണ്ണിനടിയിലാകുകയും ചെയ്തു. പ്രദേശത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്. ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരിൽ ഇന്നലെ പെയ്ത കനത്തമഴയിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരണപ്പെട്ടിരുന്നു.
ഇടുക്കി ജില്ലിൽ എപ്പോൾ വേണമെങ്കിലും മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലയിലെത്തുന്നവർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മഴ പെയ്താൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണിടിയുന്നതിൽ അശാസ്ത്രീയത ഉണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മലപ്പുറം നിലമ്പൂരിലെ പൂക്കോട്ടുംപാടം ടി.കെ കോളനിക്ക് സമീപം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. പുഴയിൽ കുളിക്കാനെത്തിയ സംഘത്തിലെ ആളുകളാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. കൂടുതൽപേർ അപകടത്തിനിരയായോ എന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കി. ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary
Heavy rain has triggered landslides and flash floods across Kerala, particularly in Malappuram, Idukki and Kottayam. In Idukki, one house collapsed and seven vehicles were buried. Two people died in Vattavada. Five people have died in a flash flood at Nilambur’s Pookkottumpadam. Authorities have imposed travel restrictions, intensified monitoring and urged residents in hilly areas to remain vigilant.
RELATED TOPICS: KERALA RAIN, EXTREME RAIN WARNING, KERALA TOURISM, MOUNTAIN AREAS ALERT, HEAVY RAIN WARNING
Read News ⏭️




