NEWS

പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ജീവനക്കാർ ചാടി രക്ഷപ്പെട്ടു


ആലപ്പുഴ ∙ ചുങ്കം കന്നിട്ടജെട്ടിക്കു തെക്ക് പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു. ജീവനക്കാർ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. തീ ഉയർന്നപ്പോൾ ഇവർ കരയിലേക്കു ചാടി രക്ഷപ്പെട്ടു. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്നു തീ പടർന്നെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.45ന് ചുങ്കം–പള്ളാത്തുരുത്തി റോഡിൽ വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം പമ്പാ നദിയുടെ പടിഞ്ഞാറേ തീരത്തായിരുന്നു അപകടം. ഇവിടെ നിർത്തിയിട്ടിരുന്ന മറ്റു ഹൗസ് ബോട്ടുകളിലേക്കു തീ പടരാതെ നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവായി.യാത്രക്കാരെ ഇറക്കിയ ശേഷം വൈകിട്ട് അഞ്ചരയോടെയാണ് ഹൗസ് ബോട്ട് കെട്ടിയിട്ടത്. തീ ഉയർന്നതോടെ നാട്ടുകാരും ഹൗസ് ബോട്ടുകളിലെ ജീവനക്കാരും ചേർന്നു തീയണയ്ക്കാൻ ശ്രമം തുടങ്ങി. ഇവിടേക്കുള്ള റോഡ് മോശം സ്ഥിതിയിലായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. സ്പീഡ് ബോട്ട് വരുത്തി അതിലാണ് അപകട സ്ഥലത്ത് എത്തിയത്. ആലപ്പുഴ സ്വദേശി റെജീഷിന്റെ ഹൗസ് ബോട്ടാണു കത്തിനശിച്ചത്. 70 ലക്ഷത്തോളം രൂപ മുടക്കി 5 വർഷം മുൻപാണ് ബോട്ട് ഇറക്കിയത്.


Fashion ⏭️

Back to top button