NEWS
ബ്രഡിൽ പല്ലികൾ, കഴിച്ചയാൾക്ക് ഛർദിയും അവശതയും; ഇടക്കൊച്ചിയിലെ ബേക്കറിക്ക് 25,000 രൂപ പിഴ

പള്ളുരുത്തി ∙ ഇടക്കൊച്ചി പാമ്പായ്മൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് ചത്ത പല്ലികളെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്ക്ക് 25,000 രൂപ പിഴയിട്ട് കൊച്ചി കോർപറേഷൻ ആരോഗ്യ വിഭാഗം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയുടെ പാചകപ്പുര പ്രവർത്തിച്ചിരുന്നതെന്നു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെ കടയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയെങ്കിലും ബേക്കറി അടച്ചിട്ട നിലയിലായിരുന്നു. ഉടമയെ വിളിച്ചു വരുത്തി തുറപ്പിച്ചാണ് പരിശോധന നടത്തിയത്. ആരോഗ്യ വിഭാഗം കടയുടമയ്ക്കു നോട്ടിസ് നൽകി. ബേക്കറിയുടെ ഫിറ്റ്നസ് ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമേ ബേക്കറി തുറക്കാൻ അനുമതി നൽകൂവെന്ന് 10-ാം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ എം.ലത പറഞ്ഞു. തിങ്കളാഴ്ചയാണ് ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനു ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. ബ്രഡ് കഴിച്ച് അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബേക്കറിയിൽ തന്നെ തയാറാക്കിയ ബ്രഡാണിത്. കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ ഇവരെ പറഞ്ഞയയ്ക്കുകയായിരുന്നു.
Fashion ⏭️


