NEWS

ജിമ്മിലെ റിസർവേഷൻ ലിസ്റ്റ് ഹാക്ക് ചെയ്ത് എഐ; വെയ്റ്റ് ലിസ്റ്റിൽ നിന്ന് കൺഫേം ആക്കി, കൺഫേം ആയിരുന്ന ആളെ പുറത്തു കളഞ്ഞു


സിഡ്നി ∙ ജിമ്മിൽ ഒരു സ്ലോട്ട് ബുക് ചെയ്യാനാണ് ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ ക്ലോഡ് എഐ ഏജന്റിനോടു പറഞ്ഞത്. വെയ്റ്റ് ലിസ്റ്റിൽ നാലാമതായി ബുക്കിങ് കിട്ടി. അൽപം മുകളിലേക്ക് എത്തിക്കാമോയെന്ന് ആൻഡ്രൂ ചോദിച്ചു. ജിമ്മിന്റെ സെർവർ പരതിയ എഐ ചില സുരക്ഷാ പഴുതുകൾ കണ്ടെത്തി. ആൻഡ്രൂവിനോടു ചോദിക്കാതെ ഉടൻ ജിമ്മിന്റെ സെർവർ ഹാക്ക് ചെയ്ത് റിസർവേഷൻ സംവിധാനത്തിൽ കയറിപ്പറ്റി. എന്നിട്ട് ലിസ്റ്റിൽ മുൻപിലുള്ള ആളുടെ ബുക്കിങ് റദ്ദാക്കി, ആ സ്ലോട്ട് ആൻഡ്രൂവിനു നൽകി. ഓസ്ട്രേലിയയിൽ നടക്കുന്ന ആദ്യ എഐ ഹാക്കിങ്ങാണിതെന്ന് അധികൃതർ പറയുന്നു.സാധാരണ എഐ ചാറ്റ്ബോട്ടുകളെക്കാൾ ശേഷി കൂടിയവയും റിസർവേഷൻ പോലെ ജോലികൾ ചെയ്യാൻ പ്രാപ്തരുമാണ് എഐ ഏജന്റുകൾ. ഒരു ലക്ഷ്യം നേടുന്നതിനായി, സോഫ്റ്റ്‌വെയറുകൾ സ്വതന്ത്രമായി ഉപയോഗിക്കാനും തീരുമാനങ്ങളെടുക്കാനും ഒന്നിലധികം കാര്യങ്ങൾ ചെയ്യാനും ഇതിനു കഴിയും. ഏജന്റിക് എഐ എന്ന പ്രത്യേകവിഭാഗത്തിൽപെടുന്ന ഈ സംവിധാനം ഭാവിയിൽ വ്യാപകമാകുമെന്നാണു സൂചന. ശക്തമായ സുരക്ഷയില്ലാത്ത റിസർവേഷൻ സംവിധാനങ്ങളിലും മറ്റും ഭാവിയിൽ ഇവ ഹാക്കിങ് നടത്തിയേക്കാം.


Fashion ⏭️

Back to top button