NEWS

വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ വാർത്താ അവതാരകയായ 41 വയസ്സുകാരി റാബിയ അഹ്സാനെ റാവൽപിണ്ടിയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽനിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം. റാബിയയുടെ കിടപ്പുമുറിയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ആ സമയം റാബിയയുടെ അമ്മയും സഹോദരി അൽവിനയും വീടിന്റെ മുറ്റത്തുണ്ടായിരുന്നു. വെടിയൊച്ച കേട്ട് ഉടൻതന്നെ മുറിയിലേക്ക് ഓടിക്കയറിയ അൽവിന കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയാണ്. ആ സമയത്ത് ഭർത്താവ് താഹിർ തോക്കുമായി അവിടെ നിൽപ്പുണ്ടായിരുന്നുവെന്ന് അൽവിന പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

റാബിയയുടെ കഴുത്തിന് താഴെയും പുറത്ത് വലതുഭാഗത്തുമായി വെടിയേറ്റ പാടുകളുണ്ട്. തോക്ക് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് താഹിർ പൊലീസിനോട് വാദിക്കുന്നത്. എന്നാൽ, തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. ’92 ന്യൂസ്’ ചാനലിലെ അവതാരകയായിരുന്നു റാബിയ. ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡപ്യൂട്ടി ഡയറക്ടറാണ് ഭർത്താവ് താഹിർ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Fashion ⏭️

Back to top button