കൊലക്കേസ് പ്രതി ജയിലിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം തായ്‌ലൻഡിലേക്ക് കടന്ന സംഭവം: അന്വേഷണം തുടങ്ങി

ജയ്പുർ: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരൻ വിദേശത്തേക്ക് വിനോദയാത്ര പോയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലുള്ള ഓപ്പൺ ജയിലിൽ ശിക്ഷ കഴിഞ്ഞ് വരുന്ന ദിഷ്കാന്ത് കമ്ര (28) എന്നയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് തായ്‌ലൻഡിലേക്ക് യാത്ര ചെയ്തതാണ് പുറത്തറിഞ്ഞത്. ഇയാൾ വിദേശത്ത് ആയിരുന്ന വേളയിലും ജയിൽ രേഖകളിൽ കൃത്യമായി ഹാജർ രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
രാജസ്ഥാൻ ജയിൽ ഡയറക്ടർ ജനറൽ അശോക് റാത്തോഡിന് ലഭിച്ച ഒരു പരാതിയാണ് സംഭവങ്ങളുടെ തുടക്കം. ദിഷ്കാന്ത് കമ്ര തന്നെ വഞ്ചിക്കുകയും മാനസികമായി വേട്ടയാടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയെത്തുടർന്നാണ് ജയിൽ അധികൃതർ ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇതിനിടെ, നവംബർ മൂന്നിന് ജവാഹർ നഗർ ഭാഗത്ത് നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെ കമ്രയുടെ സഹോദരന്റെ പേരിലുള്ള കാറിൽ നിന്ന് 40 ഗ്രാം കറുപ്പും ഒരു പാസ്പോർട്ടും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 2025 ഒക്ടോബർ ഒൻപത് മുതൽ പതിമൂന്ന് വരെ ദിഷ്കാന്ത് കമ്ര തായ്‌ലൻഡിലേക്ക് യാത്ര ചെയ്തതായി വെളിപ്പെട്ടത്.




