റോഡിലെ ബഹളം; ചോദ്യം ചെയ്ത പൊലീസുകാരനെ കടിച്ചും അസഭ്യം പറഞ്ഞും യുവാവിന്റെ അതിക്രമം

കൊച്ചി∙ നടുറോഡിൽ അഴിഞ്ഞാട്ടം നടത്തിയ യുവാവ് കസ്റ്റഡിയിലെടുത്ത പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്. കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത്കിഴക്കാതിർ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (25) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിലായി രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇയാൾ നടത്തിയ അസഭ്യവർഷത്തിന്റെയും ബഹളത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അസഭ്യം പറയുന്നതിനിടയിൽ, ‘ഇതൊക്കെ പറയുന്ന എന്റെ പേര് മുഹമ്മദ് ഇഖ്ബാൽ’ എന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇന്നലെ രാത്രി 11 മണിയോടെ എറണാകുളം നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽ വെച്ചാണ് ഇഖ്ബാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ബഹളമുണ്ടാക്കിയത്.
പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ നോർത്ത് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി സമാധാനാന്തരീക്ഷം തകർത്തതിന് നോർത്ത് പൊലീസും, കൃത്യനിർവഹണത്തിനിടെ ഉദ്യോഗസ്ഥനെ കടിച്ചതിന് സെൻട്രൽ പൊലീസുമാണ് ഇഖ്ബാലിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.




