NEWS

മുറസു ചുഴലിക്കാറ്റ്: കേരളത്തിൽ ഭീഷണി ഉയർത്തുമോ?

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ നവംബർ അഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളൊന്നുമില്ലെന്നും അറിയിപ്പിൽ പറയുന്നു.

തുടർച്ചയായി ലഭിച്ചേക്കാവുന്ന മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകാനാണ് സാധ്യത. ഒരു ദിവസത്തിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.

01/11/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

02/11/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

04/11/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

മുറസു ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുറസു’ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ഇന്ത്യ നാമകരണം ചെയ്ത ഈ ചുഴലിക്കാറ്റിന് ‘യുദ്ധ കാഹളം’ (വാർ ഡ്രം) എന്നാണ് അർത്ഥം വരുന്നത്.

നവംബർ രണ്ടിന് രാത്രി 11.30-നും നവംബർ മൂന്നിന് പുലർച്ചെ 4 മണിക്കും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ മുറസു ചുഴലിക്കാറ്റ് കരകയറുമെന്നാണ് പ്രവചനം. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാകും ഇത് കരയിലേക്ക് പ്രവേശിക്കുക, ചില സന്ദർഭങ്ങളിൽ വേഗത 120 കിലോമീറ്റർ വരെ ഉയർന്നേക്കാം.

കേരളത്തിൽ മുറസു ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനമുണ്ടാകില്ലെങ്കിലും, വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വടക്കൻ കേരളത്തിലെ ജില്ലകളിലാണ് ഇതിനുള്ള സാധ്യത കൂടുതൽ. ചുഴലിക്കാറ്റ് കരകയറി ശക്തി കുറയുന്നതോടെ കേരളത്തിൽ വീണ്ടും സാധാരണ തോതിലുള്ള തുലാവർഷം പുനരാരംഭിക്കും. ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം. മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം തന്നെ, വൈദ്യുതി – വാർത്താവിനിമയ സംവിധാനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇടിമിന്നൽ കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Sports ⏭️

Read News ⏭️

Back to top button