കോട്ടയം–കൊല്ലം മെമു നീട്ടൽ: തീരുമാനം മരവിപ്പിച്ചു; കൊടിക്കുന്നിൽ സുരേഷും പി.കെ. കൃഷ്ണദാസും തമ്മിൽ തർക്കം

കോട്ടയം ∙ നിലവിൽ കൊല്ലം–കോട്ടയം റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന മെമു സർവീസ് എറണാകുളം വരെ ദീർഘിപ്പിക്കാനുള്ള പദ്ധതി തൽക്കാലത്തേക്ക് നിർത്തിവെച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുടെ ആശ്രയമായ 66315/66316 മെമു ട്രെയിന്റെ സർവീസ് നീട്ടാനുള്ള നീക്കത്തിനെതിരെ യാത്രക്കാരും വിവിധ സംഘടനകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചക്കൊടുവിലാണ് പദ്ധതി മരവിപ്പിക്കാൻ തീരുമാനമായത്.
വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ അമിത തിരക്കും യാത്രാ ക്ലേശങ്ങളും പരിഹരിക്കുന്നതിനായി എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയൊരു ട്രെയിൻ അനുവദിക്കാൻ നേരത്തെ റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ, പുതിയ ട്രെയിൻ ലഭ്യമാക്കുന്നതിന് പകരം നിലവിലുള്ള മെമു സർവീസ് എറണാകുളത്തേക്ക് നീട്ടാനാണ് അധികൃതർ ശ്രമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിനെത്തുടർന്നാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് എംപി ആരോപിച്ചു.
അതേസമയം, യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ പരാതികൾ പരിഗണിച്ച് കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നടപടികൾ താൽക്കാലികമായി തടഞ്ഞുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും അറിയിച്ചു.




