വിജയിനെ ഒതുക്കാൻ 30 കോടി: അണ്ണാഡിഎംകെയ്ക്കെതിരെ ആരോപണം

ചെന്നൈ: നിലവിലെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) വെളിപ്പെടുത്തി. അണ്ണാഡിഎംകെ നേതാക്കളാണ് ഈ പ്രലോഭനത്തിന് പിന്നിലെന്നും, ഇതിൽ 15 കോടി രൂപ അഡ്വാൻസ് ആയും ബാക്കി തുക വോട്ടെടുപ്പിന് ശേഷവും നൽകാമെന്ന് അവർ ഉറപ്പുനൽകിയതായും അദ്ദേഹം ആരോപിച്ചു.
എന്നാൽ, എംഎൽഎയുടെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് അണ്ണാഡിഎംകെ നേതൃത്വം രംഗത്തെത്തി. അടിസ്ഥാനരഹിതമായ ഇത്തരം നുണപ്രചാരണങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് പാർട്ടി വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തുള്ള ഡിഎംകെയും അണ്ണാഡിഎംകെയും ഗൂഢാലോചന നടത്തുകയാണെന്നും, ഇതിന്റെ തെളിവാണ് ഈ കോഴ വിവാദമെന്നും മന്ത്രി ആർ. നിർമൽ കുമാർ വിമർശിച്ചു.
ഭരണകൂടത്തിന്റെ വീഴ്ചകളും വ്യാപകമായ അഴിമതികളും ജനശ്രദ്ധയിൽ നിന്ന് മറച്ചുവെക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് മുൻ മന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ആർ.ബി. ഉദയകുമാർ തിരിച്ചടിച്ചു. നേരത്തെ, ടിവികെയിലെ തന്നെ എംഎൽഎ ആയ എൻ. ഇളയരാജയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.




