NEWS

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ മന്ത്രിയുടെ നിർദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും അധികം അളവിൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന ആശങ്കാജനകമായ വാർത്തകളെത്തുടർന്ന് അടിയന്തര പരിശോധന നടത്താൻ മന്ത്രി ഉത്തരവിട്ടു. പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് മന്ത്രി അനൂപ് ജേക്കബ് ഈ തീരുമാനമെടുത്തത്. നിലവിൽ കേരളത്തിൽ ഇന്ധനത്തിൽ മായം കലർത്തുന്നതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അയൽസംസ്ഥാനമായ കർണാടകയിൽ ഇത്തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ സംസ്ഥാനത്തും പരിശോധന വ്യാപിപ്പിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് പദ്ധതി. 2005-ലെ മോട്ടോർ സ്പിരിറ്റ് ആന്റ് ഹൈ സ്‌പീഡ് ഡീസൽ നിയമപ്രകാരം, 2014-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താലൂക്ക് സപ്ളൈ ഓഫീസർമാർ മുതൽ പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം പരിശോധനകൾ നടത്താനും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനും പൂർണ്ണ അധികാരമുണ്ട്. പരിശോധനയിൽ മായം കണ്ടെത്തുന്ന പക്ഷം വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Sports ⏭️

Read News ⏭️

Back to top button