അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി; ചാർട്ടേഡ് വിമാനങ്ങളും കെട്ടിടങ്ങളും ഭൂമിയും പിടിച്ചെടുത്തു

ന്യൂഡൽഹി: വമ്പിച്ച തുകയുടെ ബാങ്ക് വായ്പാ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നീ കമ്പനികൾ കേന്ദ്രീകരിച്ചാണ് അന്വേഷണ ഏജൻസി നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, മഹാരാഷ്ട്രയിലുള്ള ഒരു വാണിജ്യ കെട്ടിടം, വിവിധയിടങ്ങളിലായുള്ള ആറ് ഭൂസ്വത്തുക്കൾ, തമിഴ്നാട്ടിലെ രണ്ട് വിൻഡ് മിൽ പദ്ധതികൾ, കൂടാതെ ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, ഓഹരികൾ എന്നിവ ഉൾപ്പെടെയുള്ള ആസ്തികൾ ഇ.ഡി താൽക്കാലികമായി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA), ഫെമ തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ അനിൽ അംബാനി ഗ്രൂപ്പിനെതിരെ നിലനിൽക്കുന്ന വിവിധ കേസുകളിലായി ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ വിപണി മൂല്യം 23,100 കോടി രൂപയായി വർധിച്ചതായി ഇ.ഡി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
പൊതുമേഖലാ ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയായി നേടിയ തുക വകമാറ്റി ചെലവഴിച്ചെന്നും, നിയമപരമായ ചട്ടങ്ങൾ മറികടന്ന് കമ്പനിയുടെ ആസ്തികൾ വ്യക്തിപരമായ ഉപയോഗങ്ങൾക്കായി അനധികൃതമായി മാറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു. വായ്പയായി ലഭിച്ച തുകയുടെ സിംഹഭാഗവും പ്രൊമോട്ടർമാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് വിദേശത്തെ നികുതിരഹിത കേന്ദ്രങ്ങളിലേക്ക് (Tax Havens) മാറ്റി സ്വന്തം നേട്ടങ്ങൾക്കായി വിനിയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പത്ത് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും ഏജൻസി അറിയിച്ചു.




