മുൻ കാമുകിയെക്കുറിച്ച് 1887 ചോദ്യങ്ങളുമായി വിവരാവകാശ അപേക്ഷ; യുവാവിന് കമ്മിഷന്റെ രൂക്ഷ വിമർശനം

ചെന്നൈ∙ തന്റെ മുൻ കാമുകി ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണോ? അവർ വിവാഹിതയാണോ? എവിടെയാണ് താമസം?– വിഴുപ്പുറം സ്വദേശിയായ എ. സന്തോഷ് വിവരാവകാശ നിയമത്തിന്റെ മറപിടിച്ച് ഉന്നയിച്ച ചില അസാധാരണ ചോദ്യങ്ങളാണിത്. പ്രണയിനിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഇയാൾ സമർപ്പിച്ചത് 97 അപേക്ഷകളിലായി 1,887 ചോദ്യങ്ങളായിരുന്നു. അനാവശ്യമായ ഇത്തരം ഹർജികൾ തള്ളിക്കൊണ്ട് വിവരാവകാശ കമ്മിഷണർ വി.പി.ആർ. ഇളംപരിതി സന്തോഷിന് ശക്തമായ താക്കീത് നൽകി. ‘വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന രീതിയിൽ ഇനിയും ഹർജികൾ നൽകിയാൽ ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന്’ കമ്മിഷൻ തന്റെ ഉത്തരവിൽ വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിക്കും പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും നൽകിയ അപേക്ഷകളിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് സന്തോഷ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2025 നവംബർ മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയധികം അപേക്ഷകൾ ഇയാൾ സമർപ്പിച്ചത്. സന്തോഷും പെൺകുട്ടിയും സഹപാഠികളായിരുന്നുവെന്നും കോളജ് പഠനം പൂർത്തിയായതോടെ ഇരുവരും വഴിപിരിഞ്ഞെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. ഫോണിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും സന്തോഷ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് 2025 ജൂണിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടി പീഡനത്തിന് പരാതി നൽകിയിട്ടുണ്ടെന്നും, അതിന്റെ പകർപ്പും പൊലീസ് കമ്മിഷന് കൈമാറി.




