NEWS

വയനാട്-കോഴിക്കോട് അതിവേഗ റെയിൽപ്പാത: ഇ ശ്രീധരന്റെ പദ്ധതിയിൽ 35 മിനിറ്റിൽ യാത്ര

പ്രതീകാത്മക ചിത്രം

സുൽത്താൻ ബത്തേരി: വയനാടൻ മലനിരകളിൽ തീവണ്ടിയുടെ ഇരമ്പൽ കേൾക്കാൻ ഇനിയുമെത്ര നാൾ കാത്തിരിക്കണം? സംസ്ഥാനത്തുടനീളം അതിവേഗ റെയിൽപ്പാത നിർമ്മിക്കാനുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ നൂതന പദ്ധതി വയനാടൻ ജനതയുടെ പ്രതീക്ഷകൾക്ക് ചിറകു നൽകുകയാണ്. ഈ പദ്ധതിയുടെ ആദ്യഘട്ടം തന്നെ വയനാട്ടിൽ ആരംഭിക്കണമെന്ന ശക്തമായ ആവശ്യവുമായി നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റിയും വയനാട് ചേമ്പർ ഓഫ് കോമേഴ്സും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം ഏഴാം തീയതി ഇ. ശ്രീധരൻ സുൽത്താൻ ബത്തേരിയിലെത്തും.

കോഴിക്കോട് നിന്ന് ആരംഭിക്കുന്ന അതിവേഗ പാത സുൽത്താൻ ബത്തേരിയിലാണ് എത്തിച്ചേരുന്നത്. കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരിക്കും പ്രധാന സ്റ്റോപ്പുകൾ. വെറും 35 മിനിറ്റിനുള്ളിൽ ഈ ദൂരം പിന്നിടാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. താമരശ്ശേരി ചുരം ഭാഗത്ത് തുരങ്കപാതയിലൂടെയും മറ്റ് പ്രദേശങ്ങളിൽ തൂണുകളിൽ ഉറപ്പിച്ച പാതയിലൂടെയുമായിരിക്കും തീവണ്ടി കുതിക്കുക. ഈ അതിവേഗ റെയിൽപ്പാത യാഥാർത്ഥ്യമാകുന്നതോടെ കർണാടകയിലെ മൈസൂരുമായും തമിഴ്‌നാടുമായും വേഗത്തിൽ ബന്ധപ്പെടാൻ വയനാടിന് സാധിക്കും. കൂടാതെ, നിർദ്ദിഷ്ട നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ഈ പാതയെ സംയോജിപ്പിക്കാനും ഇതിലൂടെ വഴിയൊരുങ്ങും.

Sports ⏭️

Read News ⏭️

Back to top button