57-ാം വയസ്സിലും മധുബാലയുടെ സൗന്ദര്യരഹസ്യം മലയാളികളുടെ അടുക്കളയിൽ

മധുബാല
‘യോദ്ധ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മധുബാല. കാലമെത്ര കഴിഞ്ഞിട്ടും ഇന്നും മധുബാലയുടെ സൗന്ദര്യത്തിനും ചുറുചുറുക്കിനും ഒട്ടും മങ്ങലേറ്റിട്ടില്ലെന്നതാണ് അത്ഭുതം. അൻപത്തിയേഴാം വയസ്സിലും യുവത്വം ഒട്ടും ചോരാതെ ഇത്രത്തോളം തിളക്കത്തോടെയിരിക്കാൻ താരമെന്താണ് ചെയ്യുന്നത് എന്നത് ഏവരുടെയും ആകാംക്ഷയാണ്. പ്രശസ്ത കണ്ടന്റ് ക്രിയേറ്റർ പ്രാചി ശർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആരോഗ്യസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും താരം മനസ്സ് തുറന്നു.
‘എനിക്ക് ഫലപ്രദമെന്ന് തോന്നിയ കാര്യങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ, ഞാൻ രാവിലെ ഭക്ഷണം കഴിക്കാറില്ല. ദിവസത്തെ ഏറ്റവും നിർണ്ണായകമായ ഭക്ഷണമാണ് പ്രഭാതഭക്ഷണമെന്നാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്, എന്നാൽ എന്റെ ശരീരപ്രകൃതിക്ക് അനുയോജ്യം ഈ രീതിയാണ്. ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത വെള്ളം തിളപ്പിച്ച് കുടിച്ചുകൊണ്ടാണ് ഞാൻ എന്റെ ദിവസം ആരംഭിക്കുന്നത്.’
‘ഈ മിശ്രിതം തണുത്ത ശേഷം അതിലേക്ക് അല്പം തേനും നാരങ്ങാനീരും പിഴിഞ്ഞ് ചേർക്കും. ഇതിനുശേഷം കുറച്ച് ബദാം കഴിച്ച് കൃത്യമായ വ്യായാമമുറകളിൽ ഏർപ്പെടാറുണ്ട്. തുടർന്ന് ഏതെങ്കിലും പഴവർഗ്ഗങ്ങൾ, പ്രത്യേകിച്ച് ഏത്തപ്പഴം കഴിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എന്റെ പ്രധാന ഭക്ഷണം. നെയ്യ് കഴിച്ചാൽ വണ്ണം കൂടുമെന്നതാണ് പൊതുവായ ധാരണ, എന്നാൽ ദിവസവും രണ്ട് മൂന്ന് സ്പൂൺ നെയ്യ് ഞാൻ നിർബന്ധമായും ഉൾപ്പെടുത്താറുണ്ട്. അത് എനിക്ക് ഏറെ ഇഷ്ടമാണ്. രണ്ട് ചപ്പാത്തിയും ഇഷ്ടപ്പെട്ട പച്ചക്കറികളും ഒരു കപ്പ് തൈരും അടങ്ങുന്നതാണ് എന്റെ പതിവ് ഉച്ചഭക്ഷണം’ – മധുബാല വ്യക്തമാക്കി.




