LIFESTYLE
പുതുതലമുറയ്ക്ക് നാടും വീടും വേണ്ട: കേരളത്തിലെ വീടുകൾ ചെറുതാകുന്നു! പക്ഷേ മലബാറിൽ സ്ഥിതി മറ്റൊന്ന്

കേരളത്തിലെ നിർമാണ മേഖലയെ കോവിഡിന് മുൻപും ശേഷവും എന്ന് എളുപ്പത്തിന് വേർതിരിക്കാം. കോവിഡിന് ശേഷം പൊതുവെ കേരളത്തിലെ വീടുകളുടെ വലുപ്പം കുറഞ്ഞുവരുന്നതായി നിരീക്ഷിക്കാനാകും. നിർമാണസാമഗ്രികളുടെ വിലക്കയറ്റം, ആളുകൾ (വിശേഷിച്ച് മധ്യവർഗം) വീടുകളിൽ മുടക്കാൻ ഉദ്ദേശിക്കുന്ന തുക കുറച്ചത്, പെർമിറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ പോലെയുള്ള സർക്കാർ തലങ്ങളിലെ നൂലാമാലകൾ..ഇവയൊക്കെ കേരളത്തിലെ നിർമാണമേഖലയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ട്.മറ്റുള്ളവരുടെ ദുരനുഭവങ്ങൾ ഗുണപാഠങ്ങളാകുന്നു ഒരുപാട് പണം വീട്ടിൽ മുടക്കുന്നത് ഡെഡ് ഇൻവെസ്റ്റ്‌മെന്റ് ആണെന്നുള്ള ചിന്ത, ഗൾഫ് ജോലികളുടെ അസ്ഥിരത, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് പലർക്കും മടങ്ങേണ്ടി വന്നത്, വലിയ വീടുവച്ച് പരിപാലനം തലവേദനയായവരുടെ അനുഭവങ്ങൾ..ഇവയെല്ലാം പുതുതായി വീട് വയ്ക്കുന്നവരുടെ കാഴ്ചപ്പാടിൽ നവീകരണം കൊണ്ടുവന്നിട്ടുണ്ട്. പരമ്പരാഗതമായി കിട്ടിയ വീട് പൊളിച്ചുകളയാതെ നവീകരിക്കുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നുണ്ട്. പഴയ വീടുകൾ പലതും സ്ട്രക്ചർ നല്ല ഉറപ്പുള്ളതാകും. വൈകാരികതയും പഴമയും നിലനിർത്തുകയും ചെയ്യാം, അടിത്തറ മുതൽ പുതിയ വീട് പണിയാനുള്ള കാലതാമസവും ചെലവും ഒഴിവാക്കുകയും ചെയ്യാം എന്നതാണ് പുതുക്കിപ്പണിയൽ പലരും തിരഞ്ഞെടുക്കാൻ കാരണം.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വീടുപണിയുന്ന മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഭൂരിപക്ഷവും ചെറിയ വീടുകളാണ് ആഗ്രഹിക്കുന്നത്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയതോടെ ഭർത്താവ്, ഭാര്യ ഒന്നോ രണ്ടോ മക്കൾ എന്നതിലേക്ക് കുടുംബം ചുരുങ്ങി, പ്രായമായ അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവർ നാട്ടിൽ തറവാട്ടിലാകും. ‘ചെറിയ കുടുംബത്തിന് താമസിക്കാൻ ചെറിയ സ്ഥലം മതി’ എന്ന തിരിച്ചറിവാണ് വീടുകളുടെ വലുപ്പം കുറയാൻ മറ്റൊരു കാരണം.മലബാർ വേറെ ലെവൽ വടക്കൻ കേരളത്തിൽ വിശേഷിച്ച് മലബാർ മേഖലയിൽ പൊതുവെ സ്ഥിതി മറ്റൊന്നാണ്. താരതമ്യേന കേരളത്തിലെ ഭവനനിർമാണ മേഖലയുടെ ഭൂരിഭാഗം നിക്ഷേപവും നടക്കുന്നത് മലബാർ മേഖലകളിലാണ്. കോവിഡ് സമയത്ത് മന്ദഗതിയിലായ നിർമാണമേഖല ഇപ്പോൾ വീണ്ടും സജീവമായി വരുന്നു. കേരളത്തിൽ ബിൽഡിങ്, ആർക്കിടെക്ട് സ്ഥാപനങ്ങൾ, നിർമാണസാമഗ്രികളുടെ കടകൾ എന്നിവ ഏറ്റവുമധികം സാന്ദ്രതയിൽ സ്ഥിതിചെയ്യുന്നത് ഒരുപക്ഷേ മലബാർ മേഖലയിലാകും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമുള്ള ബിൽഡർമാരും ആർക്കിടെക്ടുകളും പോലും മലബാർ മേഖലയിൽ ബ്രാഞ്ച് തുടങ്ങാൻ ശ്രമിക്കുന്നു.
Cinema ⏭️


