റാമ്പിൽ തിളങ്ങി അഞ്ചാം ക്ലാസുകാരി; ലക്ഷ്യം മിസ് യൂണിവേഴ്സ്, ഇന്ന് ദേശീയതലത്തിൽ നേട്ടങ്ങൾ

സായന്ധിക
മോഡലിംഗിൽ ദേശീയതലത്തിലടക്കം ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി തിരുവാങ്കുളം സ്വദേശിയായ അഞ്ചാം ക്ലാസുകാരി കെ.എസ്. സായന്ധിക. നാലാം വയസിൽ അമ്മ തുന്നിയ വസ്ത്രങ്ങളണിഞ്ഞ് മോഡലിംഗ് തുടങ്ങിയ ഈ പെൺകുട്ടി ലക്ഷ്യമിടുന്നത് മിസ് യൂണിവേഴ്സ് പട്ടമാണ്. ഒപ്പം പഠനത്തിൽ മിടുക്കിയായ സായന്ധിക സിവിൽ സർവീസും സ്വപ്നം കാണുന്നു.
ചെന്നൈയിൽ നടന്ന സ്കൈ പ്രിക്സ് സൗത്ത് ഇന്ത്യ ജൂനിയർ വിഭാഗത്തിൽ രണ്ടാം റണ്ണറപ്പായ സായന്ധിക, കൊച്ചിയിലെ മിസ് കേരള ഷൈൻസ് 2026 അന്തിമ മത്സരത്തിൽ ഒന്നാം റണ്ണറപ്പായി. നാലുപേർ പങ്കെടുത്ത ഫൈനലിലെ പ്രകടനത്തിന് പുറമെ മോഡലിംഗിലെ മികവിന് നൊബിൾ വേൾഡ് റെക്കോർഡും പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി ഒപ്പിട്ട മികച്ച മോഡൽ പുരസ്കാരവും നേടി.
ഈറീക്സ് കൾട്ടിവേറ്റിംഗ് സ്റ്റുഡിയോ, സ്പെറാൻസ ഫാഷൻ കമ്പനി എന്നിവയുടെ അഞ്ച് രൂപകൽപ്പനാ പ്രദർശനങ്ങളിൽ പങ്കെടുത്തു. കൊല്ലം സ്വദേശി തൻവിൻ താജാണ് ആദ്യ ഗുരു.
നിലവിൽ ഷൈനിൽ എസ്. ലക്ഷ്മിയുടെ കീഴിലാണ് പരിശീലനം. മോഡലിംഗിനൊപ്പം ശാസ്ത്രീയ-പാശ്ചാത്യ നൃത്തങ്ങളും അഭ്യസിക്കുന്നു. ഗീതിക നൃത്തവിദ്യാലയത്തിൽ സുവന്യയുടെ കീഴിൽ തുടങ്ങിയ ശാസ്ത്രീയ നൃത്തപഠനം ഇപ്പോൾ നാട്യാർപ്പണ നൃത്തവിദ്യാലയത്തിൽ പ്രദീപിന് കീഴിൽ തുടരുന്നു. നൃത്യ ലാബ് നൃത്ത അക്കാഡമിയിൽ അഖിൽ, ഗായത്രി എന്നിവരാണ് പാശ്ചാത്യ നൃത്തപരിശീലകർ.
പഠനത്തിലും മികവ് പുലർത്തുന്ന സായന്ധിക സ്കൂൾതല നാടോടിനൃത്തം, സംഘനൃത്തം എന്നിവയിൽ രണ്ടാം സമ്മാനവും കൈയെഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. തിരുവാങ്കുളം സ്വദേശികളായ കെ.എസ്. ശ്രീജിത്തിന്റെയും ഫാഷൻ ഡിസൈനർ സുധിയുടെയും മകളായ സായന്ധിക കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ജെ.എസ്.എച്ച്.എസിലെ വിദ്യാർത്ഥിയാണ്. സിനിമാ-ഫാഷൻ രംഗങ്ങളിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കിയുടെ ലക്ഷ്യം.
RELATED TOPICS: K.S. SAYANDHIKA, YOUNG MODEL KERALA, MISS UNIVERSE DREAM, JUNIOR MODELING INDIA, THIRUVANKULAM MODEL
News ⏭️


