NEWS

വന്ദേമാതരം ആലാപനം: ചീഫ്സെക്രട്ടറിയുടെ കത്ത് തള്ളി സർക്കാരും ലോക്ഭവനും


തിരുവനന്തപുരം ∙ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാവശ്യപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്ത് ലോക്ഭവൻ ആവശ്യപ്പെട്ട പ്രകാരമാണെന്ന മന്ത്രി എൻ.ഷംസുദ്ദീന്റെ വിശദീകരണം തള്ളി ലോക്ഭവൻ. അങ്ങനെ ഒരു നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനിടെ, വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നു മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ കത്തിന്മേൽ തുടർനടപടി വേണ്ടെന്നു മന്ത്രി കെ.എം.ഷാജി തദ്ദേശ വകുപ്പിനു നിർദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 15ന് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന പതാക ഉയർത്തൽ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും വന്ദേമാതരം ആലപിക്കണമെന്നു പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രത്യേക നിർദേശവും ഉൾപ്പെടുത്തിയിട്ടില്ല. ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിക്കാം എന്ന നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളിലും വന്ദേമാതരം മുഴുവനായി ആലപിക്കില്ല. ആലപിക്കണമെന്ന ആവശ്യം ലോക്ഭവൻ ഉന്നയിച്ചിട്ടുമില്ല. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മാത്രമാണ് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെടാറുള്ളത്.


Fashion ⏭️

Back to top button