LIFESTYLE

വധൂവരന്മാരും കാ‌ർമികത്വം വഹിച്ച പുരോഹിതന്മാരും ഇരട്ടകൾ; കേരളത്തിലെ ഈ കല്യാണത്തിൽ ഇനിയുമുണ്ട് പ്രത്യേകതകൾ


wedding

കോട്ടയം: കേരളത്തിലെ ഒരു കല്യാണത്തിൽ വധൂവരന്മാരും ചടങ്ങിന് നേതൃത്വം നൽകിയ പുരോഹിതന്മാരും അടക്കം ഇരട്ടകൾ. കോട്ടയം ചങ്ങനാശേരിയിലെ ഒരു ക്രിസ്ത്യൻ വിവാഹമാണ് ഇരട്ടകളാൽ കൗതുകകരമായത്. കഴിഞ്ഞ വ്യാഴാഴ്‌ച ചങ്ങനാശേരി മെട്രോപൊളിറ്റൻ പള്ളിയിൽ നടന്ന വിവാഹച്ചടങ്ങാണ് അപൂർവമായത്.

അഖിൽ കെ തോമസ് മാഗി മേരി തോമസിനെ വിവാഹം ചെയ്തപ്പോൾ അഖിന്റെ ഇരട്ടസഹോദരൻ നിഖിൽ കെ തോമസ് മാഗിയുടെ ഇരട്ട സഹോദരിയായ മറിയ മേരി തോമസിന്റെ കഴുത്തിൽ മിന്നുചാർത്തി. വിവാഹച്ചടങ്ങിന് നേതൃത്വം നൽകിയത് ഇരട്ടകളായ പുരോഹിതന്മാരും സഹായികളായി നിന്നത് ഇരട്ടകളായ ആൺകുട്ടികളുമായിരുന്നു.

ചങ്ങനാശേരി വെട്ടുപറമ്പിൽ കുഞ്ഞുമോൻ തോമസിന്റെയും ജോമോളിന്റെയും മക്കളാണ് അഖിലും നിഖിലും. പത്തനംതിട്ട കുമ്പുലുവേലിൽ ടോമിച്ചന്റെയും മേരിക്കുട്ടിയുടെയും മക്കളാണ് മാഗിയും മേരിയും. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇരട്ട വൈദികരായ ഫാ. ആന്റോ പേഴുംകാട്ടിലും ഫാ. അജോ പേഴുംകാട്ടിലുമായിരുന്നു വിവാഹത്തിന് കാർമികത്വം വഹിച്ചത്. പാലായിൽ നിന്നുള്ള ഇരട്ട സഹോദരന്മാരായ ജെറോൺ ജെയിംസും ജോഹോൺ ജെയിംസും സഹായികളായി.

ഇരട്ടകളുടെ ചുറ്റുപാടിൽ ഒരു വിവാഹം നടത്തുക എന്നത് തങ്ങളുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സഹോദരിമാർ പറഞ്ഞു. ഇവർ തന്നെയായിരുന്നു വിവാഹത്തിന്റെ കാർമികത്വം വഹിക്കുന്നതിനുവേണ്ടി ഇരട്ടകളായ അച്ഛന്മാരെ കണ്ടെത്തിയത്. ഒടുവിൽ കോതനല്ലൂരിലെ ഒരു പള്ളിയിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. രണ്ട് സഹോദരന്മാരും മർച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്, സഹോദരിമാർ ഐടി മേഖലയിലും.

English Summary

A unique Christian wedding recently took place in Changanassery, Kottayam, involving multiple sets of twins. Brothers Akhil K Thomas and Nikhil K Thomas married sisters Maggie Mary Thomas and Mariya Mary Thomas, respectively. The ceremony was officiated by twin priests, Fr. Anto and Fr. Ajo Pezhumkattil, and also featured twin boys serving as assistants.


News ⏭️

Back to top button