NEWS

അഘോഷങ്ങൾക്ക് എന്തിന് ആന,​ ഇതാ ഭീമൻ പോത്ത് ഭാരം 1200 കിലോഗ്രാം

ഘോഷയാത്രയിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഭീമൻ പോത്ത്

കൊല്ലം: ആറരയടി പൊക്കം, പത്തടി നീളം, നീണ്ട വാൽ, ചുരുണ്ട കൊമ്പ്, വിരിഞ്ഞ നെറ്റി, കറുത്തിരുണ്ട നിറം, രോമാവൃതമായ ശരീരം… ആഘോഷയാത്രകളിലടക്കം ആനയ്ക്ക് പകരക്കാരനാവുകയാണ് കൊല്ലം വെളിയം സമ്മർലാൻഡ് ഫാമിലെ ‘ഭീമൻ’ പോത്ത്.

1200 കിലോയോളം ഭാരമുള്ള പോത്തുഭീമൻ ചിലങ്കയും അലങ്കാരമാലകളും വർണ്ണപ്പട്ടും അണിഞ്ഞ് നിൽക്കുമ്പോൾ ആരുമൊന്ന് നോക്കിപ്പോകും. ‘മുറ’ ഇനത്തിലെ പോത്തുകൾക്ക് സാധാരണ 650 കിലോ വരെയാണ് ഭാരം. കുട്ടിയായിരിക്കുമ്പോൾ തന്നെ അസാധാരണ വലിപ്പമുണ്ടായിരുന്ന ഭീമന് നാല് വയസായപ്പോൾ ഭാരം 1200 കിലോയിലേക്കെത്തി.

ക്ഷേത്രോത്സവം, ഓണാഘോഷം എന്നിവയുമായി ബന്ധപ്പെട്ട 15 ഘോഷയാത്രകളിൽ ഇതിനോടകം എഴുന്നള്ളി. ലോറിയിലാണ് ആഘോഷ സ്ഥലത്തേക്കുള്ള യാത്ര. ദൂരം അനുസരിച്ച് 25,​000 മുതൽ 35,​000 രൂപ വരെയാണ് നിരക്ക്.

ഹരിയാനയിൽ നിന്ന് ‘മുറ’ ഇനത്തിലെ ആറുമാസം പ്രായമായ പോത്തുകളെ വാങ്ങി വിൽക്കുന്ന ബിസിനസാണ് വിനോദ് ലാലിന്. അങ്ങനെ ഒന്നര വർഷം മുമ്പ് ഹരിയാനയിൽ പോയപ്പോഴാണ് രണ്ടരവയസുകാരനായ അസാധാരണ വലിപ്പമുള്ള പോത്തിനെ കണ്ടത്. മോഹവിലയായ നാലുലക്ഷം രൂപ നൽകിയാണ് സ്വന്തമാക്കിയത്. വൈക്കോൽ, പുല്ല്, ഗോതമ്പിന്റെ വൈക്കോൽ അരിഞ്ഞുണ്ടാക്കിയ ബൂസ, പുഴുങ്ങിയ ചീനി എന്നിവയാണ് പ്രധാന ഭക്ഷണം. മൂന്നുപേർ പുറത്ത് കയറിയാലും ഭീമൻ കുലുങ്ങില്ല.

രണ്ടുനേരം കുളി

സമ്മർലാൻഡ് ഫാമിലെ മറ്റ് പോത്തുകളെയും പശുക്കളെയും ദിവസം ഒരുനേരമേ കുളിപ്പിക്കൂ. ഭീമനെ രണ്ടുനേരം വേപ്പണ്ണ തേച്ച് കുളിപ്പിക്കും. പ്രാണികളുടെ ശല്യം ഉണ്ടാകാതിരിക്കാനുള്ള മരുന്നും സ്ഥിരമായി പുരട്ടും.

”ശാന്ത സ്വഭാവക്കാരനായതിനാലാണ് ഭീമനെ ഘോഷയാത്രകൾക്ക് കൊണ്ടുപോകാൻ ആറുമാസം മുമ്പ് തീരുമാനിച്ചത്.

വിനോദ് കുമാർ, ഉടമ

Read News ⏭️

Back to top button