LIFESTYLE

ശതകോടികൾ മറിഞ്ഞ ഡീൽ! ലൊക്കേഷൻ ‘ബിഗ് ബി’ വീടിന് തൊട്ടരികിൽ; ചരിത്രം ഉറങ്ങുന്ന ബംഗ്ലാവ് വിറ്റത് 135 കോടിക്ക്


മുംബൈയിൽ ഏറ്റവും കൂടുതൽ പ്രമുഖർ തിങ്ങിപ്പാർക്കുന്ന ജുഹുവിൽ വീണ്ടുമൊരു വമ്പൻ റിയൽ എസ്റ്റേറ്റ് ഇടപാട്. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ പ്രശസ്തമായ ‘ജൽസ’ ബംഗ്ലാവിന് തൊട്ടരികിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ‘വില്ല വിൽസൺ’ 135 കോടി രൂപയ്ക്കാണ് നോട്ടാൻഡാസ് റിയാലിറ്റിയുടെ പ്രൊമോട്ടർമാരായ ജഗ്വാനി കുടുംബം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ പേന നിർമാതാക്കളായ ‘വിൽസൺ പെൻസി’ന്റെ ഉടമകളായ സാങ്‌വി കുടുംബത്തിന്റെ പക്കൽ അഞ്ച് പതിറ്റാണ്ടിലേറെയായി ഉണ്ടായിരുന്ന ആഡംബര വില്ലയാണ് വിറ്റുപോയത്. വില്ല വിൽസൺ: ജുഹുവിലെ സ്പാനിഷ് സൗന്ദര്യംപ്രശസ്ത ആർക്കിടെക്റ്റ് നിർമ്മല ബനാജി ഡിസൈൻ ചെയ്ത ഈ ആഡംബര വില്ല സ്പാനിഷ് വാസ്തുവിദ്യാ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. വായുസഞ്ചാരമുള്ള വിശാലമായ ലിവിങ് റൂമുകളും, തറ മുതൽ മേൽക്കൂര വരെ നീളുന്ന വലിയ ഗ്ലാസ് ജനാലകളും ഇവിടത്തെ പ്രത്യേകതയാണ്. ജുഹുവിലെ പ്രശസ്തമായ കപോൾ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഭാഗമായ ഈ പ്ലോട്ട് 154.6 ചതുരശ്ര മീറ്റർ (ഏകദേശം 1,664 ചതുരശ്ര അടി) വിസ്തീർണമുള്ളതാണ്.ഇന്ത്യൻ ചരിത്രത്തിൽ എഴുതിച്ചേർത്ത ‘വിൽസൺ പെൻ’ഈ ബംഗ്ലാവിന്റെ പേരിന് പിന്നിൽ ഇന്ത്യൻ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആർ. അംബേദ്കർ ഭരണഘടന എഴുതി തയാറാക്കാൻ ഉപയോഗിച്ചത് വിൽസൺ പേനകളായിരുന്നു. ഇറക്കുമതി ചെയ്ത പേനകളെ ഇന്ത്യ പൂർണമായും ആശ്രയിച്ചിരുന്ന കാലത്താണ്, അതായത് 1939ൽ, ദ്വാരകദാസ് ജീവൻലാൽ സാങ്‌വി, ചിമൻലാൽ ജീവൻലാൽ സാങ്‌വി എന്നീ സഹോദരങ്ങൾ ചേർന്ന് കൊൽക്കത്തയിൽ ഒരു ചെറിയ പേനക്കട ആരംഭിക്കുന്നത്. എന്നാൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് കൊൽക്കത്തയിൽ ജാപ്പനീസ് ബോംബാക്രമണ ഭീഷണി ശക്തമായതോടെ ഈ കുടുംബം ഗുജറാത്തിലെ വൽസാദിലേക്ക് താമസം മാറി. അവിടെ വച്ച് അവർ ‘എബോണൈറ്റ്’ ഉപയോഗിച്ച് ഫൗണ്ടൻ പേനകൾ സ്വന്തമായി നിർമിക്കാൻ തുടങ്ങി.രണ്ട് വർഷത്തിന് ശേഷം അവർ തങ്ങളുടെ ബിസിനസ് മുംബൈയിലേക്ക് മാറ്റി. ആദ്യം ദാദറിൽ ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ച അവർ, പിന്നീട് 1945-46 കാലഘട്ടത്തിൽ പ്രവർത്തനം അന്ധേരിയിലേക്ക് വ്യാപിപ്പിച്ചു. 1959-ൽ സ്ഥാപകന്റെ മൂത്ത മകൻ കിരോൺ സാങ്‌വി കൂടി കുടുംബ ബിസിനസിന്റെ ഭാഗമായതോടെ വിൽസൺ പേനകളുടെ വളർച്ചയ്ക്ക് പുതിയ വേഗം കൈവന്നു. ഈ ബിസിനസ് വിജയങ്ങളുടെ തുടർച്ചയായി, ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് അവർ ജുഹുവിൽ ‘വില്ല വിൽസൺ’ പണിയാനുള്ള പ്ലോട്ട് സ്വന്തമാക്കുന്നത്.


Cinema ⏭️

Back to top button