തിരഞ്ഞെടുപ്പ് തോൽവി; വീഴ്ച പറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ? വിവാദങ്ങൾ ഒഴിവാക്കി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായ വീഴ്ച പറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിന് സിപിഎം സെക്രട്ടറിയേറ്റ് രൂപം നൽകി. കോഴിക്കോട് ഈമാസം 13 മുതൽ 15 വരെയാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം. പയ്യന്നൂരും തളിപ്പറമ്പിലുമടക്കം സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
ഇടതുസ്ഥാനാർത്ഥിക്ക് പാർട്ടി അംഗങ്ങളടക്കം വോട്ട് ചെയ്തില്ലെന്ന വിലയിരുത്തൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയൻ രണ്ട് മണ്ഡലങ്ങളിലും നടത്തിയ പ്രസംഗത്തിൽ ജനങ്ങൾക്ക് വീഴ്ച പറ്റിയെന്നാണ് കുറ്റപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗം പ്രത്യേക മണ്ഡലവുമായി ബന്ധപ്പെട്ടാണെന്നും സംസ്ഥാനകേന്ദ്ര കമ്മിറ്റികളുടെ റിപ്പോർട്ടുകളിൽ സ്വയം വിമർശനമുണ്ടെന്നും ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചിരുന്നു. പിണറായിയുടെ പ്രസംഗം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അനുസരിച്ചാണെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിച്ചത്.
എന്നാൽ ഈ പരാമർശങ്ങളൊന്നും വിശാല സംസ്ഥാന സമിതി റിപ്പോർട്ടിൽ ചേർത്തിട്ടില്ലെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നേരത്തെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം നേതാക്കളും അണികളും പങ്കിട്ടെടുക്കട്ടെയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.
പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. ആരേയും പ്രതിക്കൂട്ടിൽ കയറ്റാനുള്ള പരിശോധനയല്ല പാർട്ടി നടത്തുന്നത്. മാദ്ധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. ഭരണ സംഘടനാ തലങ്ങളിലെ പരിമിതികളും, പാർട്ടിക്കെതിരായ വർഗീയ കൂട്ടുകെട്ടും ഉൾപ്പെടെ പരാജയകാരണങ്ങളാണ്. സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് വേണ്ടതെന്ന്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വിജയരാഘവൻ മറുപടി നൽകി.
RELATED TOPICS: ELECTION DEFEAT, PARTY ELECTION ANALYSIS, ELECTION RESULTS, POLITICAL ANALYSIS, ELECTION REPORT
Read News ⏭️


