NEWS
ആദ്യ ക്ലാസ് നേതൃപരിശീലനത്തിൽ; മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രിമാർ, ഫോട്ടോ പോലും പകർത്തരുതെന്ന് നിർദേശം

കുന്നമംഗലം ∙ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങളിൽ ആധുനിക മാനേജ്മെന്റ് ചിന്ത, ഗവേഷണം, അനുഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ആശയവിനിമയത്തിനും തന്ത്രപരമായ ആസൂത്രണത്തിനും വേദിയൊരുക്കുന്നതായി ഐഐഎമ്മിലെ നേതൃസംഗമം. കേരളത്തിന്റെ പുനർ സങ്കൽപം ദ്വിദിന പരിശീലനം രാവിലെ ഐഐഎമ്മിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് 20 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. കാര്യമായ ചടങ്ങുകൾ ഇല്ലാതെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഐഐഎം ഡയറക്ടർ പ്രഫ.ദേബാശിഷ് ചാറ്റർജി നയിച്ച നേതൃത്വ പരിശീലന ക്ലാസുകളാണ് ആദ്യം നടന്നത്. തുടർന്നു ചായയ്ക്കായി മന്ത്രിമാർ പുറത്തിറങ്ങി. അരമണിക്കൂറിനു ശേഷം രണ്ടാം സെഷൻ ആരംഭിച്ചു. ചായയുടെ ഇടവേളയിൽ പുറത്തിറങ്ങിയ മന്ത്രിമാർക്ക് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. വരാന്തയിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഒഴിഞ്ഞു പോകണമെന്നും മന്ത്രിമാരുടെ ഫോട്ടോ പോലും പകർത്താൻ പാടില്ലെന്നും ഡിസിപി പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നിർദേശിച്ചു.
Fashion ⏭️


