LIFESTYLE

40 ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി 350 രൂപ, മലയാളികൾക്ക് കോളടിച്ചു: പുതിയ പദ്ധതിയുമായി നാളികേര ബോർഡ്


പ്രതീകാത്മക ചിത്രം

കൊച്ചി: നാളികേര കർഷകർക്കുള്ള പുതുക്കൃഷി ധനസഹായം എട്ടിരട്ടിയായി വർദ്ധിപ്പിച്ചു. തെങ്ങിൻതൈ ഒന്നിന് 40 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 350 രൂപ വരെ ഇനി ലഭിക്കും. കേരളത്തിൽ നാളികേര കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡാണ് പദ്ധതി പരിഷ്കരിച്ചത്.

ശാസ്ത്രീയമായ രീതിയിൽ പുതിയ തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്.

ഹെക്ടറിന് 56,000 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്ന ആകെ ധനസഹായം. ഇത് 28,000 രൂപ വീതമുള്ള രണ്ട് വാർഷിക ഗഡുക്കളായി വിതരണം ചെയ്യും. ഒരാൾക്ക് പരമാവധി രണ്ട് ഹെക്ടർ വരെ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 20 സെന്റ് ഭൂമിയിൽ 10 തൈകളെങ്കിലും നടുന്നവർക്ക് ആനുപാതികമായ തുക ലഭിക്കുന്നതാണ്. നിലവിലുള്ള തോട്ടങ്ങളിൽ അടിതൈ നടുന്നതിന് ഈ ധനസഹായം ബാധകമല്ല.


നഴ്‌സറികൾക്കും സഹായം
ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ലഭ്യത ഉറപ്പാക്കാൻ നാളികേര നഴ്‌സറി പദ്ധതിയും ബോർഡ് നടപ്പാക്കുന്നു. 25 സെന്റിൽ 10,000 വിത്തുതേങ്ങകൾ പാകി 6,250 തൈകൾ ഉത്പാദിപ്പിക്കുന്ന ചെറിയ നഴ്‌സറികൾക്ക് ചെലവിന്റെ 50 ശതമാനം (2,81,250 രൂപ) ധനസഹായം ലഭിക്കും. ഒരു ഏക്കറിൽ 25,000 തൈകൾ ഉത്പാദിപ്പിക്കുന്ന വലിയ നഴ്‌സറികൾക്ക് തൈയൊന്നിന് 45 രൂപ വീതമാണ് ധനസഹായം.


രാജ്യത്തെ നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം: കർണാടക, രണ്ടാം സ്ഥാനം: തമിഴ്‌നാട് മൂന്നാം സ്ഥാനം: കേരളം

 കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, കേരളത്തിൽ പ്രതിവർഷം ഏകദേശം 38 ലക്ഷം മുതൽ 39 ലക്ഷം മെട്രിക് ടൺ വരെ നാളികേരം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥലം തെങ്ങ് കൃഷിക്കായി ഉപയോഗിക്കുന്നത് കേരളത്തിലാണ്. ഏകദേശം 7.5 ലക്ഷം ഹെക്ടർ.
RELATED TOPICS: COCONUT DEVELOPMENT BOARD, COCONUT PRICE 350 RUPEES, KERALA COCONUT FARMERS, COCONUT DEVELOPMENT SCHEME, THENGA VILA


News ⏭️

Back to top button