NEWS

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം അക്കൗണ്ടിൽ കിട്ടും; ചേരാൻ എംപി-എംഎൽഎ ശുപാർശ വേണം, സർക്കാരിന്റെ നിബന്ധന കേസായി


സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം അക്കൗണ്ടിൽ സർക്കാർ നേരിട്ട് ലഭ്യമാക്കുന്ന പുത്തൻ പദ്ധതി. പക്ഷേ, പദ്ധതിയിൽ ചേരാൻ സ്ഥലത്തെ എംപിയോ എംഎൽഎയോ ശുപാർശ ചെയ്യണം! നിബന്ധന ഒടുവിൽ കേസായി. 21നും 60നും ഇടയിൽ പ്രായമുള്ള നിർധന സ്ത്രീകൾക്ക് മാസം 2500 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പദ്ധതി ഡൽഹി സർക്കാരാണ് ആവിഷ്കരിച്ചത്. ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് ഓരോ മാസവും നൽകുന്നത്. സ്ത്രീകൾക്ക് ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് ആർഡി പദ്ധതിയും ഇതോടൊപ്പം ചേർത്തതെന്ന് ഡൽഹി സർക്കാർ പറഞ്ഞിരുന്നു. ‘ഡൽഹി ലക്ഷ്മി യോജന’ എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയിൽ ചേരാൻ എംപിയോ എംഎൽഎയോ ശുപാർശ ചെയ്യണമെന്ന നിബന്ധന പാലിക്കാൻ സാധാരണക്കാർക്ക് പ്രയാസമായിരിക്കുമെന്നും വിവേചനപരമാണിതെന്നും കാട്ടിയാണ് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി എത്തിയത്. എന്നാൽ, പദ്ധതിയിൽ ഇതിനകംതന്നെ 7.32 ലക്ഷം സ്ത്രീകളുടെ അപേക്ഷ ലഭിച്ചെന്നും എംപിയോ എംഎൽഎയോ ശുപാർശ ചെയ്യണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമോ നിയമവിരുദ്ധമോ അല്ലെന്നും ഡൽഹി സർക്കാർ വാദിച്ചു.എംപി അല്ലെങ്കിൽ എംഎൽഎ ശുപാർശ ചെയ്യണമെന്ന ചട്ടം മുന്നോട്ടുവച്ച ആദ്യ സംസ്ഥാനവുമല്ല ഡൽഹിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആന്ധ്രപ്രദേശിലെ ഭക്ഷ്യ സബ്സിഡി പദ്ധതിയായ കശ്യപ് സ്കീം, ഒഡീഷ സർക്കാരിന്റെ മിശ്ര-വിവാഹ സഹായ പദ്ധതി എന്നിവയ്ക്കും എംപി-എംഎൽഎ ശുപാർശ വേണമെന്ന നിബന്ധനയുണ്ടെന്നും കേസ് തള്ളണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, അപേക്ഷ നൽകാനുള്ള ശുപാർശയ്ക്കായി എംപിയുടെയും എംഎൽഎയുടെയും ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് സാധാരണക്കാർക്കെന്നും ഇത് അവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുകയും അധികപണച്ചെലവിന് ഇടയാക്കുകയും ചെയ്യുന്നുണ്ടെന്നും ഹർജിയിലുണ്ട്. 3ൽ അധികം മക്കളുള്ളവരും പദ്ധതിയിൽ ചേരാൻ അർഹരല്ലെന്ന നിബന്ധനയും നേരത്തേ വിവാദമായിരുന്നു. 3-വർഷ ലോക്ക്-ഇൻ കാലാവധിയുള്ളതാണ് പദ്ധതിയിലെ ആർഡി അക്കൗണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമായ 2029ലേ കാലാവധി പൂർത്തിയാക്കി പണം പിൻവലിക്കാനാകൂ. ബാങ്ക് അക്കൗണ്ടിൽ ഓരോ മാസവും നേരിട്ടു ലഭിക്കുന്ന 1000 രൂപ ചെലവാക്കാനും നിയന്ത്രണങ്ങളുണ്ട്. കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധപ്പെടുത്തിയ വോലറ്റിലാണ് 1000 രൂപ ലഭിക്കുക. ഈ പണം ഉപയോഗിച്ച് മദ്യം, പുകയില ഉൽപന്നങ്ങൾ, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ വാങ്ങാനാവില്ല. ലക്ഷ്മി യോജനയിൽ ചേരാനുള്ള വ്യവസ്ഥകൾ: ∙ 21നും 60നും മധ്യേ പ്രായമുള്ള സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. ∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം. ∙ കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയരുത്. ∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. ∙ അപേക്ഷക ഡൽഹിയിലെ വോട്ടർ‌ ആയിരിക്കണം. ∙ കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് കവിയരുത്. ∙ അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്. ∙ ആദായനികുതി ദായകർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കും അയോഗ്യത. ∙ അപേക്ഷകയ്ക്കോ കുടുംബത്തിനോ കാർ ഉണ്ടാകരുത്. ∙ മൂന്നിലധികം കുട്ടികളുള്ളവരും അയോഗ്യർ. ∙ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പദ്ധതിയിൽ ചേരാനാവില്ല.


Fashion ⏭️

Back to top button