ഈശ്വര സത്യം പഠിപ്പിച്ച ലോകാചാര്യൻ: സ്വാമി സച്ചിദാനന്ദ

ശിവഗിരി: അറിയുന്നവരെ മുഴുവൻ തന്റെ ആരാധകരാക്കുന്ന വ്യക്തി വൈശിഷ്ട്യമാണ് ശ്രീനാരായണഗുരുദേവന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. എല്ലാവർക്കും ഒരുമിക്കാനുള്ള ധർമ്മമാണ് ഗുരു അരുളി ചെയ്തതെന്നും ശിവഗിരിയിൽ മഹാപരിനിർവാണ സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരും ഈശ്വരസത്യത്തിന്റെ അംശമെന്ന് ലോകത്തെ പഠിപ്പിച്ച ലോകാചാര്യന്റെ അനുയായികളെന്ന് അഭിമാനത്തോടെ നമുക്ക് പറയാനാവും. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന തത്വദർശനം ലോകത്തിന് സമ്മാനിച്ചതാണ് ഗുരുവിന്റെ വലിയ മഹത്വം. ജാതി,മതം,ദേശം തുടങ്ങി എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാവരും ആത്മ സഹോദരങ്ങളാണ്, അവരിലെ ഭേദ വ്യത്യാസം കേവലം കല്പിതമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാ ആചാര്യന്റെ അനുയായികളാണെന്ന് അഭിമാനബോധത്തോടെ പറയാൻ സാധിക്കുന്നത് ശ്രീനാരായണ തത്വദർശനത്തിന്റെ സവിശേഷതയാണ്.
ഹിന്ദുവെന്നോ,ഇസ്ലാമെന്നോ, ക്രിസ്ത്യാനിയെന്നോ വക ഭേദമൊന്നുമില്ലാതെ എല്ലാവർക്കും ഒരു പോലെ സ്വീകാര്യമാവുന്ന ദർശനമാണ് ഗുരു പ്രപഞ്ചനം ചെയ്തത്. ഗുരുവിന്റെ സ്ഥൂല ശരീരം നമ്മിൽ നിന്നും അപ്രത്യക്ഷമായിട്ട് നൂറു
വർഷമാവുന്നെങ്കിലും, ഗുരുദേവൻ ഇപ്പോഴും നമ്മോടൊപ്പം സജീവമായി നിൽക്കുന്നു. ശ്രീനാരായണഗുരുവിന് ലഭിച്ചപോലുള്ള സാർവ്വജനീനമായ അംഗീകാരം മറ്റൊരു മഹാത്മാവിനും ഇന്ത്യയിൽ ലഭിച്ചിട്ടില്ല. ശ്രീനാരായണ ഗുരു ഏവർക്കും സൂര്യനെപ്പോലെ പ്രകാശം ചൊരിഞ്ഞു. ലോക ഗുരുക്കന്മാരുടെ മൂർത്ത രൂപമാണ് ഗുരുദേവനെന്ന് കാണണമെങ്കിൽ, ആ മഹാഗുരു എന്ത് സ്വാധീനമാണ് ജന സമൂഹത്തിൽ ചെലുത്തിയിട്ടുള്ളതെന്ന് മനസിലാക്കണം–
സ്വാമി സച്ചിദാനന്ദ പറഞ്ഞു.




