LIFESTYLE

ഒരൊറ്റതവണ മാത്രം വിത്ത്, പിന്നീട് തണ്ടും മികച്ച പരിചരണവും മതി: കോളിഫ്ലവർ ഈ രീതിയിലും കൃഷിചെയ്യാം


കോളിഫ്ലവർ

ഭൂരിഭാഗം പേർക്കും ഇഷ്ടമുള്ള പച്ചക്കറികളിലൊന്നാണ് കോളിഫ്ലവർ. പലപ്പോഴും വിപണിയിൽ നിന്ന് വലിയ വിലകൊടുത്താണ് ഇത് വാങ്ങാറുള്ളത്. എന്നാൽ അല്പം സ്ഥലവും സമയവും ഉണ്ടെങ്കിലും വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുന്ന ഒന്നാണിത്.

സാധാരണ വിത്തുകൾ മുളപ്പിച്ചാണ് ഇത് കൃഷിചെയ്യുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യമുള്ള ഒരു കോളിഫ്ലവർ ചെടിയുടെ തണ്ടിൽ നിന്ന് പുതിയ തൈകൾ തയ്യാറാക്കി വീണ്ടും വിളവെടുക്കാൻ സാധിക്കും. പറമ്പിലും വീടിന്റെ ടെറസിലും ജൈവരീതിയിൽ കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണിത്. എങ്ങനെയാണ് ഈ രീതിയിൽ വീട്ടിൽ തന്നെ കോളിഫ്ലവർ കൃഷിചെയ്യാമെന്ന് നോക്കാം.

ഈ രീതിയിൽ കൃഷിചെയ്യാൻ ആദ്യം ചെയ്യേണ്ടത് വിത്തുകൾ ഉപയോഗിച്ച് കോളിഫ്ലവർ കൃഷിചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്താൽ മാത്രമെ നല്ല ആരോഗ്യമുള്ള തണ്ടുകൾ ലഭിക്കൂ. വിത്തുപയോഗിച്ച് കൃഷിചെയ്തതിന്റെ വിളവെടുപ്പ് നടത്തുമ്പോൾ കോളിഫ്ലവറിന്റെ പൂവ് മാത്രം മുറിച്ചെടുത്ത് ബാക്കി തണ്ട് മണ്ണിൽ തന്നെ നിർത്തണം.

കുറച്ച് ദിവസങ്ങൾക്ക് ശേഷം തണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ മുകുളങ്ങൾ രൂപപ്പെടും. ഇവ വളർന്ന് 4-5 ഇലകളുള്ള ഘട്ടത്തിലെത്തുമ്പോൾ ശ്രദ്ധയോടെ വേർതിരിച്ച് ഗ്രോ ബാഗിലോ മണ്ണിലോ നടാം. നട്ടതിന് ശേഷം കുറച്ച് ദിവസം തണലിൽ സൂക്ഷിക്കണം. പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റിവയ്ക്കണം. വേരുപിടിച്ച ശേഷം ആവശ്യത്തിന് വെള്ളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

കമ്പോസ്റ്റ്, ചാണകം തുടങ്ങിയ ജൈവവളങ്ങൾ നൽകണം. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കീടങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയും അവയെ തുരത്തുകയും ചെയ്യണം. ശരിയായ പരിചരണം നൽകിയാൽ ഇവ പുതിയ കോളിഫ്ലവർ ചെടികളായി വളർന്ന് വീണ്ടും പൂവ് ഉണ്ടാകും. പിന്നീട് ഈ രീതി തുടർന്നാൽ മതി. കോളിഫ്ലവർ ഒരു ശീതകാലവിളയായതിനാൽ കേരളത്തിൽ നവംബർ മാസമാണ് കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കാരണം തണുപ്പുള്ള കാലാവസ്ഥയിൽ ചെടികളുടെ വളർച്ചയും വിളവും മികച്ചതായിരിക്കും.

ചെലവ് കുറയ്ക്കാനും ആരോഗ്യമുള്ള പുതിയ തൈകൾ സ്വന്തമായി തയ്യാറാക്കാനും സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ രീതിയാണിത്. വീട്ടുവളപ്പിലും ടെറസ് ഗാർഡനിലും ജൈവരീതിയിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്നവർക്ക് ഈ മാർഗം വളരെ പ്രയോജനകരമാണ്.

English Summary

The article details a cost-effective method for home cauliflower cultivation, by growing new plants from harvested stems rather than seeds. After cutting the flower, the stem is left to sprout new shoots for replanting. This organic technique, ideal for winter crops, helps home gardeners reduce costs and cultivate healthy saplings.
RELATED TOPICS: CAULIFLOWER CULTIVATION, CAULIFLOWER STEM PLANTING, CAULIFLOWER FARMING, AGRICULTURE


News ⏭️

Back to top button