HEALTH

കീം പരീക്ഷ: ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് ഓരോ മണിക്കൂറിലും 20 മിനിറ്റ് അധികസമയം അനുവദിച്ചു

തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ ‘കീം’ (KEAM) എഴുതുന്ന ടൈപ്പ്-1 പ്രമേഹമുള്ള വിദ്യാർഥികൾക്ക് പരീക്ഷാസമയത്ത് ഓരോ മണിക്കൂറിലും 20 മിനിറ്റ് വീതം അധികം ലഭിക്കും. ഇതിനുള്ള ഔദ്യോഗിക അനുമതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകി. അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

പരീക്ഷാസമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകൾ (ഹൈപ്പോഗ്ലൈസീമിയ / ഹൈപ്പർഗ്ലൈസീമിയ) മൂലം വിദ്യാർഥികൾക്കുണ്ടാകുന്ന ശാരീരികമായ അവശതകൾ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഫഷനൽ കോളജുകളിലും നടക്കുന്ന എല്ലാ പരീക്ഷകൾക്കും ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം നേരത്തെതന്നെ അനുവദിച്ചിരുന്നു.

ഇതിനു പുറമെ, പരീക്ഷാഹാളിൽ കൃത്യമായ പരിശോധനകൾക്ക് ശേഷം ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഗ്ലൂക്കോസ് പരിശോധിക്കുന്നതിനുള്ള സി.ജി.എം.എസ് (CGMS) സംവിധാനം, ആവശ്യമായ ലഘുഭക്ഷണങ്ങൾ, വെള്ളം, പഞ്ചസാര ഗുളികകൾ എന്നിവ കൈവശം വെക്കുന്നതിനും വിദ്യാർഥികൾക്ക് അനുവാദമുണ്ടായിരിക്കും.

Life Style ⏭️

Back to top button