NEWS

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് അഡീഷണൽ ജഡ്‌ജിക്കെതിരെ പുതിയ വകുപ്പ് ചുമത്തി

അപകടമുണ്ടാക്കിയ ബെൻസ് കാർ, മരിച്ച ജയബാലകൃഷ്‌ണൻ സഞ്ചരിച്ച സ്‌കൂട്ടർ

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ജയബാലകൃഷ്‌ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ പോലീസ് ചുമത്തി. കൃത്യം നടന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ബിഎൻഎസ് 238-ാം വകുപ്പാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

അപകടം നടന്ന ഉടൻ തന്നെ കാറിൽ പതിപ്പിച്ചിരുന്ന ‘ജഡ്‌ജി’ എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും, പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് മരിച്ച ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചിരുന്നു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജഡ്‌ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കുന്നതിന് കുടുംബം തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിക്കുന്നതായി കുടുംബം തിരിച്ചും ആരോപിച്ചു. പ്രോസിക്യൂഷൻ അലംഭാവം കാണിക്കുന്നുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ജയബാലകൃഷ്‌ണന്റെ കുടുംബത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ, കൂടുതൽ വിവരങ്ങൾ അടച്ചിട്ട കോടതി മുറിയിൽ വെളിപ്പെടുത്താമെന്ന് കുടുംബം അറിയിച്ചു. തുടർന്ന്, കേസിന്റെ വാദങ്ങൾ ഇനി അടച്ചിട്ട കോടതി മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Sports ⏭️

Read News ⏭️

Back to top button