SPORTS

ബാറ്റിങ്ങിനിടെ സീതാറാം മന്ത്രം: പിതാവിന്റെ പാത പിന്തുടർന്ന് ആര്യവീർ സേവാഗ്

മസ്കത്ത്∙ അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ സമ്മർദ്ദഘട്ടങ്ങളെ മറികടക്കാൻ ബാറ്റിങ്ങിനിടെ ‘സീതാറാം’ എന്ന് മന്ത്രം ചൊല്ലാറുണ്ടെന്ന് ഇന്ത്യൻ യുവതാരം ആര്യവീർ സേവാഗ്. നിർണ്ണായകമായ മത്സരവേളകളിൽ തന്റെ പിതാവും ഇതിഹാസ താരവുമായ വീരേന്ദർ സേവാഗും ഇത്തരത്തിൽ പ്രാർത്ഥിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. നിലവിൽ ഒമാനിലാണ് ആര്യവീർ ഉള്ളത്. യുഎഇക്കെതിരെ 160 റൺസ് അടിച്ചുകൂട്ടിയ താരം, സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ അർദ്ധ സെഞ്ചറിയും സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം യുഎഇക്കെതിരെ നിർണ്ണായക ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

‘‘യുഎഇക്കെതിരായ മത്സരത്തിൽ 45 ഓവറോളം ക്രീസിൽ നിലയുറപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. എത്രത്തോളം സമയം ക്രീസിൽ ചെലവഴിക്കാനാകുമോ അത്രയും നേരം നിൽക്കണമെന്നായിരുന്നു കോച്ചിന്റെ ഉപദേശം. ഓരോ ഡോട്ട് ബോളുകൾ വരുമ്പോഴും ഞാൻ പരിഭ്രമിക്കാറില്ല. കാരണം ആ നഷ്ടം നികത്താൻ പിന്നീട് അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കറിയാം. മികച്ചൊരു സ്കോർ നേടാനും ടീമിനെ വിജയത്തിലെത്തിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ പിതാവ് അയക്കുന്ന ഒരു ചെറിയ സന്ദേശം പോലും എനിക്ക് വലിയ അംഗീകാരമാണ്. എന്നാൽ സെഞ്ചറി നേടിയാലും ഇല്ലെങ്കിലും അദ്ദേഹം എന്നെ അമിതമായി പുകഴ്ത്താറില്ല.’’– ആര്യവീർ മാധ്യമങ്ങളോട് പങ്കുവെച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

Auto ⏭️

Back to top button