പനീറും മധുരക്കിഴങ്ങും കൊണ്ട് ദീപാവലിക്ക് ഹെൽത്തി ഗുലാബ് ജാമുൻ തയ്യാറാക്കാം

ദീപാവലി ആഘോഷങ്ങളുടെ മാധുര്യം വർധിപ്പിക്കാൻ പലഹാരങ്ങൾ അനിവാര്യമാണല്ലോ. പഞ്ചസാര ലായനിയിൽ മുങ്ങിനിൽക്കുന്ന ചൂടൻ ഗുലാബ് ജാമുൻ കണ്ടാൽ കൊതിക്കാത്തവർ ചുരുക്കമാണ്. എങ്കിലും, കലോറിയുടെ കണക്കുപുസ്തകം ഓർത്തുകൊണ്ട് പലരും ഈ പ്രിയ വിഭവം ഒഴിവാക്കാറുണ്ട്. എന്നാൽ, ഇനി അത്തരം ആശങ്കകൾ വേണ്ട; കുറ്റബോധമില്ലാതെ തന്നെ ഗുലാബ് ജാമുൻ ആസ്വദിക്കാനുള്ള വഴിയൊരുക്കുകയാണ് ഫിറ്റ്നസ് ഇൻഫ്ലുവൻസറായ വൻഷിക ഖുറാന. പഞ്ചസാരയ്ക്ക് പകരമായി സ്വാഭാവിക മധുരം നൽകുന്ന വസ്തുക്കളും പനീറും മധുരക്കിഴങ്ങും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം ഏറെ ആരോഗ്യകരമാണ്. ഓരോ ഗുലാബ് ജാമുനിലും രണ്ട് ഗ്രാം വീതം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 18 ഗുലാബ് ജാമുനുകൾ തയ്യാറാക്കാനാവശ്യമായ ചേരുവകളും നിർദ്ദേശങ്ങളും താഴെ നൽകുന്നു.
ആവശ്യമായ ചേരുവകൾ:
പനീർ: 100 ഗ്രാം, വേവിച്ച മധുരക്കിഴങ്ങ്: ഒരു ഇടത്തരം കഷ്ണം, ഓട്സ്: 65 ഗ്രാം, ബദാം: 15–20 എണ്ണം, നെയ്യ്: ഒരു ടേബിൾ സ്പൂൺ, ഏലക്കാപ്പൊടി: ഒരു ടീസ്പൂൺ, പാൽ: ആവശ്യത്തിന്, വെള്ളം: 250–350 മില്ലി, മോങ്ക് ഫ്രൂട്ട് സ്വീറ്റ്നർ: 6–7 ടീസ്പൂൺ (മധുരത്തിന് അനുസരിച്ച്), കുങ്കുമപ്പൂവ്: 7–8 എണ്ണം, പെരുംജീരകം: അര ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം:
പഞ്ചസാര ഉപയോഗിക്കാത്ത സിറപ്പ് നിർമ്മിക്കുന്നതിനായി, ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് മോങ്ക് ഫ്രൂട്ട് സ്വീറ്റ്നർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വീറ്റ്നർ പൂർണ്ണമായും അലിഞ്ഞുചേർന്നു കഴിഞ്ഞാൽ ഇതിലേക്ക് പെരുംജീരകവും കുങ്കുമപ്പൂവും ചേർത്ത് കുറഞ്ഞ തീയിൽ അഞ്ച് മുതൽ ആറ് മിനിറ്റ് വരെ തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി, മിശ്രിതം ചെറുതായി തണുക്കാൻ അനുവദിക്കുക.




