250 പൊലീസുകാരെ വെട്ടിച്ചു കടന്ന ബിഹാർ കുറ്റവാളി: കേരളത്തിൽ പിടിയിലായത് ഫോൺ കോളിലൂടെ

കൊല്ലം ∙ ശാന്തസ്വഭാവക്കാരനായ ഒരു സാധാരണ യുവാവ്. ഇടപഴകുമ്പോൾ അതീവ വിനയവും മിതഭാഷിയും, നൽകുന്ന ഉത്തരവാദിത്തങ്ങൾ മുടങ്ങാതെ നിർവഹിക്കുന്ന കഠിനാധ്വാനിയുമായ ആ ചെറുപ്പക്കാരൻ ഇത്രയും നാൾ തങ്ങൾക്കൊപ്പം തന്നെ ജീവിച്ചിരുന്നെന്ന യാഥാർഥ്യം ചാമക്കട നിവാസികളെ അമ്പരപ്പിച്ചു. ബിഹാർ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട, ഏറ്റവും അപകടകാരികളായ പത്ത് കുറ്റവാളികളിൽ ഒരാളാണ് ഇതെന്ന് അറിഞ്ഞതോടെ നാട്ടുകാർ ശരിക്കും ഞെട്ടി. ബിഹാറിലെ ആർജെഡി നേതാവായ ബൈദ്യനാഥ് മഹ്തോയെ ഉൾപ്പെടെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇരുന്നൂറ്റൻപതോളം പൊലീസുകാരും നാട്ടുകാരും ചേർന്ന് ഡ്രോൺ സംവിധാനങ്ങൾ അടക്കം ഉപയോഗിച്ച് വളഞ്ഞിട്ടു പിടിക്കാൻ ശ്രമിച്ചിട്ടും, അതിവിദഗ്ധമായി രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ് മുഹമ്മദ് അജാജ് അഹമ്മദ് എന്ന 32 വയസ്സുകാരൻ. ഇയാളെ പിടികൂടിയതിനെ വലിയൊരു വിജയമായാണ് ബിഹാർ പൊലീസ് വിലയിരുത്തുന്നത്.
2016 മുതൽ അതിഥിത്തൊഴിലാളിയുടെ വേഷത്തിൽ കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു അജാജ്. ഇടയ്ക്കിടെ ബിഹാറിലേക്ക് കടന്ന് കൊലപാതകങ്ങളും കൊള്ളയടിക്കലും നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം ബിഹാർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 12-നായിരുന്നു ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോ വെടിയേറ്റു മരിച്ചത്. സീതാമഠിയിലെ ദുംറയിൽ പ്രഭാതസവാരിക്കിടെ അജാജും കൂട്ടാളി ത്രിഭുവനും ചേർന്നാണ് മഹ്തോയെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. സീതാമഠിയിലെ കരിമ്പ് പാടങ്ങളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വൻ പൊലീസ് സന്നാഹം അവിടെയെത്തി. പാടത്തിന് സമീപത്തുനിന്ന് അജാജിന്റെ ബൈക്കും ആയുധങ്ങളും കണ്ടെടുത്തതോടെ തിരച്ചിൽ കൂടുതൽ കർശനമാക്കി. ഡ്രോണുകൾ ഉപയോഗിച്ചും, നാട്ടുകാരെയും ആർജെഡി പ്രവർത്തകരെയും ഒപ്പം കൂട്ടിയും നടത്തിയ തെരച്ചിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ രാത്രി മുഴുവൻ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, പുലർച്ചയോടെ ത്രിഭുവനെ പിടികൂടാൻ പൊലീസിന് സാധിച്ചെങ്കിലും, അജാജ് മാത്രം തന്ത്രപരമായി പിടിനൽകാതെ രക്ഷപ്പെടുകയായിരുന്നു.




