സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാപകമായി മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. നാളെ വരെ മഴ തുടരുമെന്നാണ് പ്രവചനം.
അടുത്ത ദിവസം ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണം. പ്രതികൂല കാലാവസ്ഥയിൽ പൊതുജനങ്ങൾ കർശനമായി പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
- ഇടിമിന്നലിന്റെ ലക്ഷണങ്ങൾ ദൃശ്യമായാൽ ഒട്ടും വൈകാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറി നിൽക്കുക. വെളിയിടങ്ങളിൽ നിൽക്കുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടാൻ ശ്രദ്ധിക്കുക. വാതിൽ, ജനൽ എന്നിവയുടെ അരികിൽ നിൽക്കുന്നത് ഒഴിവാക്കുക. വീടിനുള്ളിൽ ഇരിക്കുമ്പോൾ ചുവരിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുക.
- വീടുകളിലെ വൈദ്യുതോപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്ത് ബന്ധം വിച്ഛേദിക്കുക. ഇടിമിന്നൽ സമയത്ത് ഇത്തരം ഉപകരണങ്ങൾ തൊടുന്നത് ഒഴിവാക്കണം.
- ഇടിമിന്നൽ ഉള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കരുത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.
- ആകാശം മേഘാവൃതമാണെങ്കിൽ കുട്ടികൾ ടെറസിലോ മുറ്റത്തോ കളിക്കുന്നത് കർശനമായി ഒഴിവാക്കണം.
- മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരത്തിന് താഴെ പാർക്ക് ചെയ്യുന്നതും അപകടകരമാണ്.
- യാത്രയിലാണെങ്കിൽ ഇടിമിന്നൽ സമയത്ത് വാഹനത്തിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കുക. കൈകാലുകൾ പുറത്തിടരുത്. ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവർ ഉടൻ തന്നെ സുരക്ഷിതമായ ഏതെങ്കിലും കെട്ടിടത്തിൽ അഭയം തേടുക.
- മഴമേഘങ്ങൾ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
- കാറ്റിൽ വീഴാൻ സാധ്യതയുള്ള സാധനസാമഗ്രികൾ കെട്ടി ഭദ്രമാക്കുക.
- ഇടിമിന്നലുള്ള സമയം കുളിക്കുന്നത് ഒഴിവാക്കുക. പൈപ്പിലൂടെ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ ടാപ്പുകളിൽ നിന്നും വെള്ളം ശേഖരിക്കരുത്.
- ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. കാർമേഘങ്ങൾ കണ്ടാലുടൻ മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലേക്ക് മടങ്ങണം. ഇടിമിന്നലിൽ ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്; ചൂണ്ടയിടലും വലയെറിയലും ഉടൻ നിർത്തിവെക്കണം.
- ഈ സമയങ്ങളിൽ പട്ടം പറത്തുന്നത് ഒഴിവാക്കുക.




