TRAVEL

ലോകത്തിലെ ഏറ്റവും ശാന്തമായ രാജ്യം: ഇന്ത്യക്കാർക്ക് വിസയില്ലാതെ മൂന്നുദിവസം സന്ദർശിക്കാം


പ്രതീകാത്മക ചിത്രം

ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുമ്പോൾ, കുപ്പിവെള്ളത്തെക്കാൾ കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ഒരു നാടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ കൊച്ചുരാജ്യമായ ബ്രൂണെയാണത്. വമ്പിച്ച എണ്ണശേഖരവും മനോഹരമായ പള്ളികളും ഇടതൂർന്ന മഴക്കാടുകളും കൊണ്ട് അനുഗ്രഹീതമായ ഈ രാജ്യം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

ട്രാവൽ വ്ലോഗറായ അങ്കിത കുമാറാണ് ബ്രൂണെയുടെ അത്ഭുതകരമായ കാഴ്ചകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. ലോകത്തിലെ സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രങ്ങളിൽ മുൻപന്തിയിലുള്ള ഇവിടെ പൗരന്മാരിൽ നിന്ന് വ്യക്തിഗത ആദായനികുതി ഈടാക്കുന്നില്ല. വിദ്യാഭ്യാസ രംഗം പൂർണ്ണമായും സൗജന്യമാണ്. കൂടാതെ, വെറും ഒരു ഡോളർ (ഏകദേശം 94 രൂപ) മുടക്കിയാൽ സർക്കാർ ആശുപത്രികളിൽ നിന്ന് ചികിത്സ ലഭ്യമാണെന്നും അങ്കിത കൂട്ടിച്ചേർക്കുന്നു.

ബ്രൂണെയുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ അങ്കിത ആദ്യം എടുത്തുപറയുന്നത് അവിടുത്തെ അസാധാരണമായ ശാന്തതയാണ്. താൻ സന്ദർശിച്ചിട്ടുള്ള ലോകത്തിലെ മറ്റ് സ്ഥലങ്ങളെയെല്ലാം അപേക്ഷിച്ച് ഏറ്റവും നിശബ്ദമായ നാടാണ് ബ്രൂണെ. രാജ്യത്തിന്റെ മുക്കാൽ ഭാഗത്തോളം വനമേഖലയാണ്. നൈറ്റ് ലൈഫ് അഥവാ രാത്രികാല ആഘോഷങ്ങൾക്ക് വലിയ പ്രസക്തിയില്ലാത്ത ഇവിടെ മദ്യപാനത്തിന് കർശനമായ വിലക്കുണ്ട്.

എങ്ങനെ എത്തിച്ചേരാം?

ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് മൂന്ന് ദിവസം വരെ വിസയില്ലാതെ തന്നെ ബ്രൂണെയിൽ പ്രവേശിക്കാം. ബ്രൂണെയുടെ മനോഹാരിത ആസ്വദിക്കാൻ ഈ മൂന്ന് ദിവസം ധാരാളമാണെന്നാണ് അങ്കിതയുടെ പക്ഷം. ചെന്നൈയിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്. വെറും അഞ്ച് മണിക്കൂർ നേരത്തെ വിമാനയാത്ര കൊണ്ട് ബ്രൂണെയിൽ എത്തിച്ചേരാം. ഏകദേശം 17,000 മുതൽ 21,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്തതയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു വിദേശ യാത്രാ ലക്ഷ്യസ്ഥാനമാണ് ബ്രൂണെ.

RELATED TOPICS: BRUNEI TOURISM, BRUNEI TRAVEL, VISA FREE COUNTRY FOR INDIANS, CHEAPEST FUEL, BEST TRAVEL

Business ⏭️

Back to top button