HEALTH
പുകവലിയിൽനിന്ന് പിൻവലിയാൻ ഇതൊന്ന് പരീക്ഷിക്കൂ

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പുകവലിക്കുന്നവർക്കെല്ലാം ഒരുപോലെ അറിയുന്ന കാര്യമാണ്. എന്നാൽ, സ്ഥിരമായി പുകവലിക്കുന്ന ആളുകളെ സംബന്ധിച്ച് അത് ഉപേക്ഷിക്കുകയെന്നത് അത്ര എളുപ്പമല്ല. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുകവലിയുടെ ആവൃത്തി കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് ഡൽഹി അപ്പോളോ ആശുപത്രിയിലെ അർബുദരോഗ വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. അക്ഷത് മാലിക്ക് വിശദീകരിക്കുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെ കണ്ടെത്തുകയെന്നതാണ്. ചായയോ കാപ്പിയോ കുടിക്കുമ്പോൾ, ഉച്ചഭക്ഷണത്തിന് ശേഷം, ജോലിയുടെ ഇടവേളകളിൽ, മദ്യത്തോടൊപ്പം അല്ലെങ്കിൽ മാനസികമായ സമ്മർദമുണ്ടാവുമ്പോൾ… ഇങ്ങനെ പലർക്കും പുകവലിക്കാൻ പല കാരണങ്ങളായിരിക്കും ഉണ്ടാവുക. ഇത്തരം സന്ദർഭങ്ങളിൽ സിഗരറ്റ് വലിക്കുന്നത് അൽപം വൈകിപ്പിക്കുകയോ ശീലങ്ങളിൽ മാറ്റം വരുത്തുകയോ സിഗരറ്റ് വലിക്കുന്നത് തമ്മിലുള്ള ഇടവേള ക്രമേണ വർധിപ്പിക്കുകയോ ചെയ്താൽ പുകവലിക്കാനുള്ള ആസക്തി കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ഡോ. അക്ഷത് മാലിക്ക് പറയുന്നു. പുകലി പൂർണമായും ഉപേക്ഷിക്കുന്നതിലേക്കുള്ള ഒരു പടിയായി വേണം ഈ നടപടികളെ കരുതാൻ, അല്ലാതെ പുകവലി കുറക്കുക എന്നതാവരുത് അന്തിമ ലക്ഷ്യം. പുകയില കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഹാനികരമായ ഘടകങ്ങളില്ലാതെ നിക്കോട്ടിൻ ലഭ്യമാക്കിക്കൊണ്ട്, പുകവലിയോടുള്ള തീവ്രമായ ആഗ്രഹം നിയന്ത്രിക്കാൻ നിക്കോട്ടിൻ ച്യൂയിംഗങ്ങളും പാച്ചുകളും സഹായിക്കുമെന്നും ഡോക്ടർ പറയുന്നു. എന്നാൽ, പുകവലിക്ക് പകരമായി ഇത്തരം വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന രീതി അവലംബിക്കുന്നതും ഗുണകരമാവില്ല. പുകവലിയുടെ ആവൃത്തി നിരീക്ഷിക്കാനും, അതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിയാനും, ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, പുരോഗതി വിലയിരുത്താനും സഹായിക്കുന്ന ആപ്പുകൾ പ്രയോജനകരമാകും.
Life Style ⏭️


