SPORTS
‘എന്റെ മതത്തെക്കുറിച്ചെന്നല്ല, ഒരു മതത്തെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല’: വിശദീകരണവുമായി ഇർഫാൻ പഠാൻ

ദുബായ് ∙ തന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. താൻ ഒരു മതത്തെക്കുറിച്ചും ഒരിക്കലും ‘മോശമായി’ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നിഷേധിച്ചതും, വസ്തുതകൾ പരിശോധിക്കാതെ തന്റേതെന്ന പേരിൽ വരുന്ന പ്രസ്താവനകളോ പോസ്റ്റുകളോ പങ്കുവയ്ക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചതും. ഇന്ത്യക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ച ഓൾറൗണ്ടറാണ് ഇർഫാൻ പഠാൻ.‘‘എന്റെ സ്വന്തം മതത്തെക്കുറിച്ച് പോട്ടെ, മറ്റൊരു മതത്തെക്കുറിച്ചും ഞാൻ ഇതുവരെ മോശമായി സംസാരിച്ചിട്ടില്ല. ഇത്തരം വ്യാജ അവകാശവാദങ്ങൾ വിശ്വസിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപ് വസ്തുതകൾ പരിശോധിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’’– അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ ഇർഫാൻ പഠാൻ, നിലവിൽ യുഎഇയിലാണ്.
Auto ⏭️




